ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ പ്രതിഷേധം; ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ തിരിച്ചയച്ചു
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ പ്രതിഷേധം. കുര്‍ബാന അര്‍പ്പിക്കാനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും പള്ളിയില്‍ തടിച്ചുകൂടിയിരുന്നു.
ബിഷപ്പ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ രാത്രി തന്നെ പ്രതിഷേധക്കാര്‍ പള്ളിയ്ക്കകത്ത് തമ്പടിച്ചിരുന്നു. രാവിലെ ആറുമണിയോടെ ബിഷപ്പ് എത്തിയപ്പോള്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ രംഗത്തെത്തി. ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ കയ്യടിച്ച് പ്രതിരോധിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് ബിഷപ്പിനെ പള്ളിയ്ക്കകത്തേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍, പ്രതിഷേധക്കാര്‍ ഗേറ്റ് പൂട്ടിയതോടെ പോലീസ് ബിഷപ്പിനെ തിരിച്ചയക്കുകയായിരുന്നു. യാതൊരു കാരണവശാലും ഏകീകൃത കുര്‍ബാന അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.
ഏതാണ്ട് ഒന്നര വര്‍ഷത്തോളമായി തുടരുന്ന ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇന്ന് നാടകീയ സംഭവങ്ങളിലേക്ക് കടന്നത്. പ്രതിഷേധങ്ങൾക്കിടെ ബസലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുര്‍ബാനയും നടത്തി. 2021 നവംബര്‍ 28ന് ഏകീകൃത കുര്‍ബാന നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ സിറോ മലബാര്‍ സഭയിലെ എല്ലാ അതിരൂപതകളും ഏകീകൃത കുര്‍ബാനയ്ക്ക് തയ്യാറായപ്പോഴും എറണാകുളം അങ്കമാലി അതിരൂപത എതിര്‍ക്കുകയായിരുന്നു.
തര്‍ക്ക സാഹചര്യം രൂപപ്പെട്ടതോടെയാണ് തൃശൂര്‍ അതിരൂപതാ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ അതിരൂപതാ അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ നിയമിച്ചത്. മാര്‍പ്പാപ്പയുടെ നിര്‍ദേശ പ്രകാരമാണ് ഏകീകൃത കുര്‍ബാന എന്നതാണ് സിറോ മലബാര്‍ സഭയുടെ വാദം. എന്നാല്‍ പരിഷ്‌കരിച്ച കൂര്‍ബാന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തുടക്കം മുതല്‍ വിമത വിഭാഗത്തിന്റെ നിലപാട്.