കോടതി നടപടികള്‍ ബഹിഷ്‌കരിച്ച്  ഹൈക്കോടതി
അഭിഭാഷകരുടെ പ്രതിഷേധം

കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് ഹൈക്കോടതി അഭിഭാഷകരുടെ പ്രതിഷേധം

കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം
Updated on
1 min read

അഭിഭാഷകനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ പ്രതിഷേധം. ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷനാണ് കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിയമ മന്ത്രി പി.രാജീവുമായി കേരള ബാര്‍ കൗണ്‍സില്‍ അംഗങ്ങളും കൊല്ലം ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി അഡ്വ കെ ആനന്ദ് ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പതിച്ച ബാനറില്‍ ചൂലുകൊണ്ട് അടിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളിലെ ബാര്‍ അസോസിയേഷനുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

കഴിഞ്ഞ തിങ്കളാഴ്ച വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന അഭിഭാഷകനായ പനമ്പില്‍ എസ് ജയകുമാറിനെ പോലീസ് മര്‍ദിച്ചെന്നാണ് ആരോപണം. അഭിഭാഷകനെ കരുനാഗപ്പള്ളിയില്‍ വച്ച് ബലമായി സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിക്കുയാണെന്ന് ആരോപിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു ഇതില്‍ തുടര്‍ നടപടികള്‍ എടുക്കാത്തതിനേതുടര്‍ന്നാണ് പ്രതിഷേധം നീളാന്‍ കാരണമായത്. അഭിഭാഷകനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കളക്ട്രേറ്റില്‍ കഴിഞ്ഞ ആഴ്ച അഭിഭാഷകര്‍ നടത്തിയ പ്രതിഷേധം സഘര്‍ഷാവസ്ഥയിലെത്തിയിരുന്നു. പോലീസ് ജീപ്പിനു നേരെ കല്ലേറു നടത്തിയതിനും പോലീസുകാരെ കയ്യേറ്റം ചെയ്തതിലും നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

അതേസമയം, അഭിഭാഷകനായ ജയകുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.

logo
The Fourth
www.thefourthnews.in