സർട്ടിഫിക്കറ്റ് വിട്ടുകിട്ടി; ആരതിയെ വീണ്ടും അഭിമുഖത്തിന് വിളിച്ച് പിഎസ്‍സി
സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് ഹാജരാക്കാനാകാത്തതിനാല്‍ അഭിമുഖത്തില്‍ പങ്കെടുക്കാൻ കഴിയാതിരുന്ന അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതിയെ പിഎസ്‍സി വീണ്ടും അഭിമുഖത്തിന് വിളിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഭിമുഖത്തിന് വ്യാഴാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ബോണ്ട് ചൂണ്ടിക്കാട്ടി നഴ്സിംഗ് സ്കൂള്‍ തടഞ്ഞുവെച്ച സർട്ടിഫിക്കറ്റുകള്‍ ആരതിക്ക് വിട്ടുനല്‍കി. ഫീസ് അടക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് വിട്ടുനൽകാതിരുന്നത്.
50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു നല്‍കില്ലെന്ന് നഴ്സിംഗ് സ്കൂള്‍ പറഞ്ഞതാണ് തിരിച്ചടിയായത്
എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായെങ്കിലും പത്താംക്ലാസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയായത്. 2015ൽ പാലക്കാട് ഗവ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ പഠനത്തിനായി ചേർന്നെങ്കിലും ഭിന്നശേഷിക്കാരനായ മകനെ നോക്കാൻ കഴിയാത്തതിനാൽ പഠനം ഉപേക്ഷിച്ചു. ബോണ്ട് വെച്ചതിനാൽ 50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു നല്‍കില്ലെന്ന് നഴ്സിംഗ് സ്കൂള്‍ പറഞ്ഞതാണ് തിരിച്ചടിയായത്.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്ത വിവരം കാണിച്ച് പട്ടികജാതി-വർഗ മന്ത്രി കെ. രാധാകൃഷ്ണന് പരാതി നല്‍കിയിരുന്നു.