പല്ല് ഉന്തിയത് അയോഗ്യതയെന്ന് കേരള സർക്കാർ അറിയിച്ചെന്ന് കേന്ദ്രം

പല്ല് ഉന്തിയത് അയോഗ്യതയെന്ന് കേരള സർക്കാർ അറിയിച്ചെന്ന് കേന്ദ്രം

പിഎസ്‌സി സ്വതന്ത്രഭരണഘടനാ സ്ഥാപനമാണെന്നും ഒരു തവണത്തേക്ക് ഇളവ് നല്‍കണമെന്ന് പിഎസ്‌സിയോട് അഭ്യര്‍ത്ഥിച്ചിരുന്നതായും സംസ്ഥാനം അറിയിച്ചിരുന്നു
Updated on
1 min read

ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലി നിഷേധിച്ച വിഷയത്തില്‍ പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് കേരളം വിശദീകരണം നല്കിയിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ കൊടിക്കുന്നിൽ സുരേഷ് എം പിയുടെ ചോദ്യത്തിന് ഗോത്രകാര്യ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎസ്‌സി സ്വതന്ത്രഭരണഘടനാ സ്ഥാപനമാണെന്നും ഒരു തവണത്തേക്ക് ഇളവ് നല്‍കണമെന്ന് പിഎസ്‌സിയോട് അഭ്യര്‍ത്ഥി ച്ചിരുന്നതായും കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ മുത്തു എന്ന ഉദ്യോഗാര്‍ഥിക്കാണ് ഉന്തിയ പല്ലുണ്ടെന്ന കാരണത്താല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലി നഷ്ടമായത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുകയും കേരളത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പിഎസ്‌സിയുടെ യോഗ്യതാമാനദണ്ഡങ്ങളില്‍ പല്ല് ഉന്തിയത് അയോഗ്യതയാണെന്നും മുത്തുവിന്റെ കാര്യത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ഒരു തവണത്തേക്ക് ഇളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. മുത്തുവിന്റെ കാര്യത്തിലും പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്നും കേരളസര്‍ക്കാര്‍ വ്യക്തമാക്കിയെന്നും ഗോത്രകാര്യ മന്ത്രാലയം അറിയിച്ചു.

logo
The Fourth
www.thefourthnews.in