പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിക്ക് മര്‍ദനം: കാന്റീന്‍ ജീവനക്കാരനെതിരെ കേസെടുത്തു

മിഠായി വാങ്ങി പൈസ കൊടുത്ത് മടങ്ങുന്ന വഴി കള്ളന്‍ എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്
Updated on
1 min read

കോഴിക്കോട് ബാലുശ്ശേരിയില്‍ മോഷണക്കുറ്റമാരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. ബാലുശ്ശേരി കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ ഇന്റര്‍വെല്‍ സമയത്താണ് സംഭവം. മിഠായി വാങ്ങി പൈസ കൊടുത്ത് മടങ്ങുന്ന വഴി കള്ളന്‍ എന്ന് ആരോപിച്ചാണ് കാന്റീന്‍ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. പിന്നീട് കുട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പിടിഎ അംഗം കൂടിയായ സജിക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തു.

കുട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമില്‍ എത്തിക്കുകയായിരുന്നു

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ സജിക്കെതിരെ ബാലുശ്ശേരി പോലീസ് ഐപിസി 341,347 വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

സജിക്കെതിരെ ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയതായി സ്കൂൾ അധികൃതർ അറിയിച്ചു. ഇയാള്‍ സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും അധ്യാപകര്‍ അറിയിച്ചു. സജി കുട്ടികളോട് പലപ്പോഴും മോശമായി പെരുമാറിയിരുന്നതായി മര്‍ദനമേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു.

logo
The Fourth
www.thefourthnews.in