പിപി ദിവ്യയെ തള്ളി സിപിഎം, നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് മന്ത്രി കെ രാജൻ; പ്രതിഷേധം ശക്തം

പിപി ദിവ്യയെ തള്ളി സിപിഎം, നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് മന്ത്രി കെ രാജൻ; പ്രതിഷേധം ശക്തം

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ എത്തിയാണ് അദ്ദേഹത്തിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചത്
Updated on
2 min read

യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം നേരിട്ട കണ്ണൂർ അ‍‍ഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) കെ നവീൻ ബാബു മരിച്ച സംഭവത്തിൽ കനത്ത പ്രതിഷേധം നേരിടുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ തള്ളി സിപിഎം. വിമര്‍ശനം സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ദിവ്യക്കെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതിഷേധം ശക്തമായതിനുപിന്നാലയാണ് സിപിഎം പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി.

പ്രസ്താവനയുടെ പൂർണരൂപം

കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഎം ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

അതിനിടെ, നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ മോശപ്പെട്ട ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ ജനപ്രതിനിധികൾ ചലനങ്ങളിലും സംസാരത്തിലും പക്വത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിപി ദിവ്യയെ തള്ളി സിപിഎം, നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് മന്ത്രി കെ രാജൻ; പ്രതിഷേധം ശക്തം
യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം; എഡിഎം നവീൻ ബാബു മരിച്ചനിലയിൽ

നവീൻ ബാബുവിന്റെ മരണം വളരെ ദുഃഖരമായ സംഭവമാണ്. റവന്യൂ വകുപ്പിന് വലിയ നഷ്ടമാണ്. ചുമതലകൾ ധൈര്യമായി ഏൽപ്പിക്കാവുന്ന സത്യസന്ധനും കഴിവുള്ളതുമായ ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. റവന്യൂ വകുപ്പിനകത്തുനിന്ന് അദ്ദേഹത്തിനെതിരെ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നതാണ് തന്റെ വ്യക്തിപരമായ ധാരണ. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്കു മാറ്റിയത്.

സംഭവത്തിൽ ഗൗരവമായ അന്വേഷണമുണ്ടാകും. അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരിൽനിന്ന് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബു, അടുത്ത ദിവസം പത്തനംതിട്ടയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ടാണ് കണ്ണൂർ കലക്ടറേറ്റിൽ നവീനുള്ള യാത്രയയപ്പ് യോഗം നടന്നത്. ആ പരിപാടിയിൽ നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപ്രതീക്ഷിതമായെത്തി വിമർശനമുന്നയിക്കുകയായിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എം വൈകിച്ചുവെന്നും അവസാനം സ്ഥലംമാറി പോകുന്നതിനു തൊട്ടുമുൻപ് അനുമതി നൽകിയെന്നുമായിരുന്നു പി പി ദിവ്യയുടെ ആരോപണം. എൻഒസി നൽകിയത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നു പറഞ്ഞ ദിവ്യ, എഡിഎമ്മിന് ഉപഹാരം നൽകുന്ന ചടങ്ങിൽ താനുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിന് പ്രത്യേക കാരണങ്ങളുമുണ്ട്. ആ കാരണങ്ങൾ രണ്ടു ദിവസം കൊണ്ട് നിങ്ങൾ അറിയുമെന്നും ദിവ്യ പറഞ്ഞിരുന്നു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.

സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ദിവ്യയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത്. ദിവ്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെയാണ് രൂക്ഷവിമർശനങ്ങൾ. ഉദ്യോഗസ്ഥനെതിരെ തെളിവുണ്ടെങ്കിൽ ഇങ്ങനെ ചെയ്യുന്നതിനു പകരം ബന്ധപ്പെട്ടവരെ അറിയിക്കുകയല്ലായിരുന്നോ വേണ്ടതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശം.

''വിളിക്കാത്ത പരിപാടിക്ക് കയറിച്ചെന്ന് ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇവർ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയ രംഗത്തിന് അപമാനം, സിപിഎം എന്ന പാർട്ടിക്ക് അപമാനം', 'മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര.. മനുഷ്യനാവുകയെങ്കിലും ചെയ്യണം' തുടങ്ങിയ കമന്റുകളാണ് പലരും പങ്കുവെച്ചിട്ടുള്ളത്.

പിപി ദിവ്യയെ തള്ളി സിപിഎം, നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് മന്ത്രി കെ രാജൻ; പ്രതിഷേധം ശക്തം
എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച: അജിത്കുമാർ എന്തിന് കണ്ടുവെന്ന് അന്വേഷണ സംഘത്തിനും അറിയില്ല

വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിലും ബിജെപിയും മുസ്‌ലിം ലീഗും യുവജനസംഘടനകളും കണ്ണൂരിൽ പ്രതിഷേധം തുടരുകയാണ്. എഡിഎമ്മിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അഴിമതിക്കാരനല്ലാത്ത ഉദ്യോഗസ്ഥനെ അഴിമതിക്കാരനാക്കിയത് അദ്ദേഹത്തിനു മാനസിക വിഷമം ഉണ്ടാക്കി. യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവന്നത് മനപൂർവം അവഹേളിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

നവീൻ ബാബുവിന്റേത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണെന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ ​മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിഷ്ഠൂരമായ പ്രസംഗത്തിന്റെ രക്തസാക്ഷിയാണ് നവീൻ. അഴിമതി ആരോപണമുണ്ടെങ്കിൽ യാത്രയയപ്പ് ചടങ്ങിലാണോ പറയേണ്ടത്? അധികാരത്തിന്റെ അഹങ്കാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചത്. പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അധികാരമാണുള്ളത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

പിപി ദിവ്യയെ തള്ളി സിപിഎം, നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് മന്ത്രി കെ രാജൻ; പ്രതിഷേധം ശക്തം
ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർനിർത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും കേസ്

അതേസമയം, പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നതിന് എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതായി ആരോപിച്ച് പമ്പ് ഉടമ ടി വി പ്രശാന്തൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 10നാണു പരാതി നൽകിയതായാണു വിവരം. എഡിഎം ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും 98,500 രൂപ കൈപ്പറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്.

എൻഒസി സംബന്ധിച്ച അപേക്ഷയിൽ തീരുമാനം ആറു മാസത്തോളം വൈകിപ്പിച്ചു. ഫയൽ പഠിക്കട്ടെയെന്നു പറഞ്ഞതായിരുന്നു ഇത്. ഒടുവിൽ ഒക്ടോബർ ആറിന് ക്വാർട്ടേഴ്സിലേക്കു വിളിച്ചുവരുത്തി നവീൻ ബാബു ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ ഈ ജന്മത്തിൽ എൻഒസിക്ക് നൽകില്ലെന്നു പറഞ്ഞു. തുടർന്ന് 98,500 രൂപ എത്തിച്ചുനൽകിയതോടെ ഒക്ടോബർ എട്ടിന് എൻഒസി ലഭിച്ചുവെന്നും പരാതിയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in