പുനെ പരിശോധനാ ഫലം വന്നു; സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു, ഒമ്പതു വയസുകാരനടക്കം നാലു പേര്‍ക്ക് രോഗം

പുനെ പരിശോധനാ ഫലം വന്നു; സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു, ഒമ്പതു വയസുകാരനടക്കം നാലു പേര്‍ക്ക് രോഗം

അഞ്ച് പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ മൂന്നു സാമ്പികളുകളും പോസിറ്റീവാണ്.
Updated on
1 min read

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് പനിബാധിച്ച് അസ്വാഭാവിക മരണം നേരിട്ട രണ്ടാമത്തെയാളുടെ മരണം വൈറസ് ബാധമൂലമാമെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം വന്നതായി മന്ത്രി അറിയിച്ചു. നേരത്തെ കോഴിക്കോട് ലാബില്‍ നടത്തിയ പരിശോധനയിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യം മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ സ്രവം പരിശോധനക്കയയ്ക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകാരം ആ മരണവും നിപ മൂലമാണെന്ന് സംശയിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ച് പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ മൂന്നു സാമ്പിളുകളും പോസിറ്റീവാണ്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലുള്ള ഒമ്പതു വയസുകാരനടക്കം രണ്ടു പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്. നിലവില്‍ ആകെ ഏഴ് പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഐസിഎംആര്‍ നിര്‍ദേശപ്രകാരമുള്ള പ്രത്യേക മരുന്ന് വിമാനമാര്‍ഗം എത്തിച്ചു ചികിത്സയിലുള്ളവര്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പരിശോധനാ ഫലം പുറത്തുവന്‌തോടെ നിപ ബാധിച്ചു മരിച്ചവരുടെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവര്‍ രണ്ടു പേരും വിദേശത്തായിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി നേരത്തെ ആരോഗ്യ വകുപ്പ് തയാറാക്കിയിരുന്നു. ആദ്യം മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 31 പേര്‍ അയല്‍വാസികളും കുടുംബക്കാരുമാണ്. രണ്ടാമത് മരണപ്പെട്ടയാളുടെ സമ്പര്‍ക്കത്തിലെ 100 ഓളം പേരെ തിരിച്ചറിഞ്ഞു. ഇതില്‍10 പേരുടെ ഫോണ്‍ നമ്പറടക്കം മനസ്സിലായിട്ടുണ്ട്.

പരിശോധനാഫലം വൈകുന്നത് ഒഴിവാക്കാന്‍ പൂനെ വൈറോളജിയുടെ പ്രത്യേക മൊബൈല്‍ പരിശോധനാസംഘം ചെന്നൈയില്‍ നിന്നെത്തുമെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ പൂനെയില്‍ നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ വവ്വാല്‍ പരിശോധനയുണ്ടാകും''-മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in