കുട്ടികള്‍  വാഹനമോടിച്ചാല്‍ രക്ഷിതാവിന് ശിക്ഷ; നിയമത്തിനെതിരെ ഹര്‍ജി, നോട്ടീസയച്ച് ഹൈക്കോടതി

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിന് ശിക്ഷ; നിയമത്തിനെതിരെ ഹര്‍ജി, നോട്ടീസയച്ച് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഉടമയുടേയൊ രക്ഷിതാവിന്റെയോ സമ്മതത്തോടെയാകണമെന്നില്ല
Updated on
1 min read

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെ ശിക്ഷിക്കാമെന്ന നിയമത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. രക്ഷിതാവിനെയോ വാഹന ഉടമയെയോ ശിക്ഷിക്കാമെന്ന് മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു.

പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ആറ് മാസത്തേക്ക് റദ്ദാക്കാം. കൂടാതെ, കുട്ടിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ലെന്നുമാണ് നിയമം പറയുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഉടമയുടേയൊ രക്ഷിതാവിന്റെയോ സമ്മതത്തോടെയാകണമെന്നില്ല. പ്രായപൂര്‍ത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാന്‍ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളില്‍ പോലും 199 എ വകുപ്പ് രക്ഷിതാവിനെ ശിക്ഷാര്‍ഹനാക്കുന്നു. കുട്ടി വാഹനമോടിക്കുന്നത് രക്ഷാകര്‍ത്താവിന്റെയോ വാഹനത്തിന്റെ ഉടമയുടെയോ സമ്മതത്തോടെയാണെന്ന ഏകപക്ഷീയമായ അനുമാനത്തിലാണിത്.

കുട്ടികള്‍  വാഹനമോടിച്ചാല്‍ രക്ഷിതാവിന് ശിക്ഷ; നിയമത്തിനെതിരെ ഹര്‍ജി, നോട്ടീസയച്ച് ഹൈക്കോടതി
'അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങളെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല'; ഡല്‍ഹി പടക്ക നിരോധനത്തില്‍ സുപ്രീംകോടതി

മോട്ടോര്‍ വാഹന നിയമത്തിലെ 180-ഉം 181-ഉം വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരോ ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയായവരോ വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഈ രണ്ട് വകുപ്പുകള്‍ക്കും പരമാവധി തടവ് മൂന്ന്് മാസമാണ്. എന്നാല്‍ , സെക്ഷന്‍ 199 എ പ്രകാരം, വാഹനത്തിന്റെ രക്ഷിതാവോ ഉടമയോ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടാം. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 25 വയസ് തികയുന്നതുവരെ ലൈസന്‍സ് നിഷേധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15, 19, 21 എന്നിവയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഡിസംബര്‍ പത്തിന് പരിഗണിക്കാന്‍ മാറ്റി.

logo
The Fourth
www.thefourthnews.in