എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

'നയാപ്പെെസയുടെ അഴിമതിയില്ല, കെല്‍ട്രോണിനെ തകര്‍ക്കാന്‍ ശ്രമം'; എഐ ക്യാമറ ആരോപണം അസംബന്ധമെന്ന് സിപിഎം

പ്രതിപക്ഷത്ത് ആരോപണമുന്നയിക്കാന്‍ വടംവലി. പുതിയ പ്രതിപക്ഷ നേതാവും പഴയ പ്രതിപക്ഷ നേതാവും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ശുദ്ധ അസംബന്ധമെന്ന് എംവി ഗോവിന്ദന്‍
Updated on
2 min read

എഐ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി സിപിഎം. പദ്ധതിയില്‍ നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും ഒരു പൈസപോലും കേരള സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് ചെലവായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കെല്‍ട്രോണിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാനാണ് ലക്ഷ്യം. പദ്ധതിയെയും കരാറുകളെയും ന്യായീകരിച്ച എം വി ഗോവിന്ദൻ തോന്നിയപോലെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

എം വി ഗോവിന്ദൻ
എഐ ക്യാമറ, കെ ഫോണ്‍: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോണ്‍ഗ്രസില്‍ വടംവലിയാണെന്നും അഴിമതി വിവരത്തില്‍ രമേശ് ചെന്നിത്തലയും വിഡി സതീശനും തമ്മില്‍ ആദ്യം യോജിപ്പ് ഉണ്ടാക്കട്ടേയെന്നും എംവി ഗോവിന്ദന്‍ പരിഹസിച്ചു. 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുമ്പോള്‍, 132 കോടിയുടെ അഴിമതിയെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. പുതിയ പ്രതിപക്ഷ നേതാവും പഴയ പ്രതിപക്ഷ നേതാവും പറയുന്നത് സത്യസന്ധമാണെന്ന് ജനങ്ങളെ ബോധിപ്പിക്കണമെങ്കില്‍ അവർ ആദ്യം ഒന്നിക്കണമെന്നും ക്യാമറ വിവാദത്തില്‍ ഉയരുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. മന്ത്രിസഭാ തീരുമാന പ്രകാരമാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടികളുണ്ടായത്. ഉപകരാര്‍ വ്യവസ്ഥ കെല്‍ട്രോണിന്റെ ടെണ്ടര്‍ രേഖയിലുണ്ട്. ഉപകരാര്‍ നല്‍കുന്നതില്‍ അസ്വാഭാവികതയില്ലെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഘട്ടത്തില്‍ തന്നെ ഉപകരാര്‍ നല്‍കാനുള്ള വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന-മെയിന്റനന്‍സിന് 56.24 കോടി, ജിഎസ്ടി 35.76 കോടി. 142 കോടി രൂപയാണ് സ്ഥാപന തുക. ഇത് മൂന്നും ചേര്‍ത്താണ് പദ്ധതിക്കായി പ്രഖ്യാപിച്ച 232.25 കോടി രൂപ
എം വി ഗോവിന്ദൻ

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ വാർത്താ സമ്മേളനം. കണക്ക് നിരത്തി തന്നെ പ്രതിപക്ഷ ആരോപണങ്ങല്‍ക്ക് എംവി ഗോവിന്ദന്‍ മറുപടി നല്‍കി. 232.25 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് നല്‍കിയത്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന-മെയിന്റനന്‍സിന് 56.24 കോടി, ജിഎസ്ടി 35.76 കോടി. 142 കോടി രൂപയാണ് സ്ഥാപന തുക. ഇത് മൂന്നും ചേര്‍ത്താണ് പദ്ധതിക്കായി പ്രഖ്യാപിച്ച 232.25 കോടിയെന്നും അത് മനസിലാക്കാതെ ആളുകളെ പറ്റിക്കാന്‍ എന്തും പറയാം എന്ന് അവസ്ഥയാണ് വന്നുചേര്‍ന്നതെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

എം വി ഗോവിന്ദൻ
എഐ ക്യാമറ: വിമര്‍ശനങ്ങള്‍ക്കുമപ്പുറം വസ്തുതകളെന്ത്?

ഉടമസ്ഥാവകാശം മോട്ടോര്‍ വാഹന വകുപ്പിനാണ്. ആവശ്യമായ സോഫറ്റ്‌വെയര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. സംസ്ഥാനത്താകെ 726 ക്യാമറകള്‍ സ്ഥാപിച്ചു. കുറ്റമറ്റ സേവനമാണ് കെല്‍ട്രോണില്‍ നിന്നുമുള്ളത്. ഡാറ്റാ സുരക്ഷ കെല്‍ട്രോണിന്റെ ചുമതലയാണ്. കെല്‍ട്രോണിനെ അനാവശ്യ വിവാദത്തിലേത്ത് വലിച്ചിഴക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എം വി ഗോവിന്ദൻ
എഐ ക്യാമറ വിവാദം: എസ്ആർഐടി- ഊരാളുങ്കൽ ബന്ധത്തിൽ വിശദീകരണവുമായി ട്രോയ്‌സ് ഇൻഫോടെക്

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സിപിഎം സംസ്ഥാന സെക്രട്ടറി മുഖം കനപ്പിച്ചു. മറുപടിയില്‍ ക്ഷുഭിതനായി. വായക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ പലതും വിളിച്ചുപറഞ്ഞ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനാണ് അജണ്ടയെന്ന് അദ്ദേഹം മറുപടി നൽകി. പ്രധാനമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവ് വരെ നടത്തുന്ന പ്രചാരവേലയ്‌ക്കെതിരെ വസ്തുതാപരമായി ജനങ്ങളോട് തന്നെ പറയുമെന്നും മുഖ്യമന്ത്രിക്കെതിരെ പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.

logo
The Fourth
www.thefourthnews.in