പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തം; സെപ്റ്റംബര്‍ അഞ്ചിന് മണ്ഡലത്തില്‍ പൊതുഅവധി
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനിര്‍ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ ചിത്രം വ്യക്തമായി. ആരും പത്രിക പിന്‍വലിച്ചില്ല. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങളും അനുവദിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, സിപിഎം സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്, ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍, എന്നിവരെ കൂടാതെ ആംആദ്മി പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
ലൂക്ക് തോമസാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. പി കെ ദേവദാസ്,ഷാജി,സന്തോഷ് പുളിക്കല്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. നാല് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ ചിഹ്നവും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നല്‍കിയിരിക്കുന്നത്.
സ്ഥാനാര്‍ഥികളും പാര്‍ട്ടിയും ചിഹ്നവും
അഡ്വ. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ
ജെയ്ക് സി തോമസ് (സിപിഎം)), ചുറ്റിക, അരിവാള്‍, നക്ഷത്രം
ലിജിന്‍ ലാല്‍(ബിജെപി)- താമര
ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി) -ചൂല്
പി കെ ദേവദാസ് (സ്വതന്ത്രസ്ഥാനാര്‍ഥി ) ചക്ക
ഷാജി(സ്വതന്ത്രസ്ഥാനാര്‍ഥി)- ബാറ്ററി ടോര്‍ച്ച്
സന്തോഷ് പുളിക്കല്‍ (സ്വതന്ത്ര സ്ഥാനാര്‍ഥി) -ഓട്ടോറിക്ഷ
1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് (4146 പേര്‍). ആകെ 182 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വിലയിരുത്തി.
വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, , വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് നിയമം 1881 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍-സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ അവധിയായിരിക്കും.
അവധി ദിനത്തിന്റെ പേരില്‍ വേതനം കുറവുചെയ്യല്‍, വെട്ടിക്കുറയ്ക്കല്‍ എന്നിവയടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ഇതിനാവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മറ്റിടങ്ങളില്‍ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടര്‍മാരുമായ കാഷ്വല്‍ ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്.