'കുത്തഴിഞ്ഞ ഉദ്യോഗസ്ഥഭരണമാണ് കേരളത്തിന് പിണറായി സര്‍ക്കാരിന്റെ സംഭാവന'; വിമര്‍ശനം ഇനിയും തുടരുമെന്നു വ്യക്തമാക്കി പിവി അന്‍വര്‍

'കുത്തഴിഞ്ഞ ഉദ്യോഗസ്ഥഭരണമാണ് കേരളത്തിന് പിണറായി സര്‍ക്കാരിന്റെ സംഭാവന'; വിമര്‍ശനം ഇനിയും തുടരുമെന്നു വ്യക്തമാക്കി പിവി അന്‍വര്‍

''ഞാനായിട്ട് പാര്‍ട്ടി ഉണ്ടാക്കുന്നില്ല. രാഷ്ട്രീയ നെക്‌സസിനെതിരേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരേയും ജനം ഒരു പാര്‍ട്ടിയായാല്‍ ഞാന്‍ ഒപ്പമുണ്ടാകും''- അന്‍വര്‍ പ്രഖ്യാപിച്ചു.
Updated on
2 min read

പോലീസില്‍ ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തില്‍ കുത്തഴിഞ്ഞ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ഇതാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സംഭാവനയെന്നും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പണംനല്‍കാതെ ഒന്നും നടക്കില്ലെന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളതെന്നും അതു ചോദ്യംചെയ്യുന്ന ജനപ്രതിനിധികള്‍ക്കു പോലും രക്ഷയില്ലെന്നും പറഞ്ഞ അന്‍വര്‍ ഇടതുപക്ഷ ഭരണത്തിനു കീഴില്‍ ഇതിനു മുമ്പ് ഇങ്ങനൊരു സാഹചര്യം ഉണ്ടായിട്ടുണ്ടോയെന്നും ആരാഞ്ഞു.

സിപിഎമ്മും മുഖ്യമന്ത്രിയുമായി ഇടഞ്ഞ് എല്‍ഡിഎഫ് വിട്ട ശേഷം നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഞാന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമോയെന്നാണ് ഇപ്പോള്‍ പലരുടെയും ചോദ്യം. എന്നാല്‍ ഞാനായിട്ട് പാര്‍ട്ടി ഉണ്ടാക്കുന്നില്ല. രാഷ്ട്രീയ നെക്‌സസിനെതിരേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരേയും ജനം ഒരു പാര്‍ട്ടിയായാല്‍ ഞാന്‍ ഒപ്പമുണ്ടാകും''- അന്‍വര്‍ പ്രഖ്യാപിച്ചു.

''കൈയും കാലും വെട്ടേണ്ടത് എന്റേതല്ലെന്നും വെട്ടേണ്ടവരുടെയാണ് വെട്ടേണ്ടതെന്നും ഞാന്‍ പറയാനുള്ളത് എല്ലാം പറയും, ഒരു മാസം സംസ്ഥാനത്ത് നടന്ന് കാര്യങ്ങള്‍ തുറന്നു പറയാനാണ് തീരുമാനിച്ചിരിക്കുന്നത്''- അന്‍വര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്നു സാധാരണക്കാരായ പ്രവര്‍ത്തകള്‍ ആലോചിക്കണമെന്നും ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ പങ്കുപറ്റുന്ന നേതാക്കള്‍ ചോദ്യംചെയ്യപ്പെടണമെന്നും അന്‍വര്‍ ആഹ്വാനം ചെയ്തു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും എന്നാല്‍ ഇപ്പോള്‍ ആ പാര്‍ട്ടിയു2െ ഭരണത്തിനു കീഴില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയെല്ലാം വാതില്‍ ജനങ്ങള്‍ക്കു മുന്നില്‍കൊട്ടിയടയ്ക്കപ്പെടുകയാണെന്നും അന്‍വര്‍ ആക്ഷേപിച്ചു.

പോലീസ് പിടിക്കുന്ന സ്വര്‍ണം ആര്‍ക്കുവേണ്ടി കൊണ്ടുവന്നുവെന്നോ, ആരില്‍ നിന്നു വാങ്ങി കൊണ്ടുവന്നുവെന്നോ സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ലെന്നും 1500 ഗ്രാം പിടിച്ചാല്‍ 600 ഗ്രാം പോലീസ് അടിച്ചുമാറ്റുന്നുവെന്നു ചൂണ്ടിക്കാട്ടിയതാണോ താന്‍ ചെയ്ത വലിയ തെറ്റ് എന്നും അന്‍വര്‍ ചോദിച്ചു.

ഇതാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും തന്നോടുള്ള വിരോധമെങ്കില്‍ താന്‍ ഇനിയും അത് ചെയ്യുമെന്നും പറ്റുമെങ്കില്‍ തടയാന്‍ ശ്രമിച്ചോളുവെന്നും അന്‍വര്‍ വെല്ലുവിളിച്ചു. മലപ്പുറം മുന്‍ എസ്പി എസ് സുജിത് ദാസിന്റെ പേര് ഉച്ഛരിച്ചല്‍ മുഖ്യമന്ത്രിയുടെ വായില്‍ നിന്നു തേനും പാലും ഒലിക്കുമെന്നും എന്താണ് ആ ബന്ധമെന്നും അന്‍വര്‍ ആരാഞ്ഞു.

കേരളം ഒരു വെള്ളരിക്കാ പട്ടണം ആയി മാറിയെന്നും സ്‌ഫോടകാത്മകമായ ഒരു സാഹചര്യത്തിലാണ് വര്‍ത്തമാന കേരളം കടന്നുപോകുന്നതെന്നും അന്‍വര്‍ പറഞ്ഞു. ''പോലീസില്‍ 25 ശതമാനം ക്രിമിനല്‍വത്കരിക്കപ്പെട്ടിരിക്കുകയാണ്. സ്വര്‍ണത്തട്ടിപ്പിനു വേണ്ടി മാത്രം പ്രത്യേകസംഘമാണ് പോലീസില്‍ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ വയര്‍ലെസ് ചോര്‍ത്തി രാജ്യദ്രോഹക്കുറ്റം ചെയ്ത ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് പോലീസിന് സാധിച്ചില്ല. കേസില്‍ നിന്ന് ഷാജനെ രക്ഷപെടുത്തിയത് പി ശശിയും എഡിജിപി എം ആര്‍ അജിത്കുമാറും ചേര്‍ന്നാണ്''- അന്‍വര്‍ ആവര്‍ത്തിച്ച് ആരോപിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസും സംസ്ഥാന പോലീസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് പോലീസിനു പിടിക്കാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ സ്വര്‍ണം കടത്തിവിടുന്നുണ്ടെന്നും അത്തരം കേസുകളില്‍ പോലീസ് പിടികൂടിയ സ്വര്‍ണത്തിന്റെ മുക്കാല്‍ പങ്കും മുന്‍ എസ് പി സുജിത് ദാസും സംഘവും തട്ടിയെടുത്തെന്നും അന്‍വര്‍ ആരോപിച്ചു.

കൂത്തുപറമ്പ് സമരസേനാനിയായ അന്തരിച്ച പുഷ്പനെ അനുസ്മരിച്ചുകൊണ്ടാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. സിപിഎം മുന്‍ ഏരിയാ കമ്മിറ്റിയംഗം ഇ എ സുകുവാണ് യോഗത്തില്‍ സ്വാഗതമോതിയത്. വൈകിട്ട് ആറരയ്ക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വിശദീകരണയോഗത്തിനായി മണിക്കൂറുകള്‍ മുമ്പ് തന്നെ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. സിപിഎം നേതൃത്വത്തെ ഞെട്ടിച്ച ജനപങ്കാളിത്തമായിരുന്നു യോഗത്തിലുണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in