'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

''പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ ബിജെപിക്കു പോകും. അതിനു പകരം ചേലക്കരയില്‍ ബിജെപി സിപിഎമ്മിനു വോട്ടുചെയ്യും''
Updated on
2 min read

കേരളത്തില്‍ ഒരു തരത്തിലും രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ നിന്നു ബിജെപിക്ക് ഒരു ലോക്‌സസഭാ സീറ്റ് സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. തൃശൂര്‍ പൂരം കലക്കി ബിജെപിക്ക് അവസരമൊരുക്കാന്‍ എല്ലാ പ്ലാനിങ്ങും നടത്തിയത് എഡിജിപി എം ആര്‍ അജിത്കുമാറാണെന്നും അത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇന്ന് മഞ്ചേരിയില്‍ തന്റെ പുതിയ സംഘടനയുടെ നയപ്രഖ്യാപന വേദിയില്‍ ആരോപിച്ചു.

''സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടമാണ് നടക്കുന്നത്. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് ആരാണ്? ഒരു തരത്തിലും സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ തൃശൂര്‍ പൂരം കലക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് അവസരമുണ്ടാക്കിക്കൊടുത്തു. രണ്ടു ദിവസം തൃശൂരില്‍ തങ്ങി എഡിജിപി എം ആര്‍ അജിത്കുമാര്‍ അതിന്റെ പ്ലാനിങ് നടത്തി. അതുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് അജിത്കുമാറിന് എതിരായിട്ടും അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നത്''- അന്‍വര്‍ പറഞ്ഞു.

സിപിഎമ്മും ബിജെപിയും പരസ്പരം സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും അതിനു പിന്നില്‍ പല കാരണങ്ങളുമുണ്ടെന്നും ഇനിയും വോട്ടുകച്ചവടം നടക്കുമെന്നും അടുത്തത് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലായിരിക്കുമെന്നും അന്‍വര്‍ തുറന്നടിച്ചു.

''വോട്ടുകച്ചവടത്തില്‍ പരസ്പര ധാരണയോടെയാണ് സിപിഎമ്മും ബിജെപിയും മുന്നോട്ടുപോകുന്നത്. ഇനിയും കച്ചവടം നടക്കും. അടുത്തത് പാലക്കാടാണ്. അവിടെ ഡീല്‍ ഉറപ്പിച്ചുകഴിഞ്ഞു. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ ബിജെപിക്കു പോകും. അതിനു പകരം ചേലക്കരയില്‍ ബിജെപി സിപിഎമ്മിനു വോട്ടുചെയ്യും. കൃത്യമായ പ്ലാനിങ്ങാണ്. ഇതിനു നേതൃത്വം വഹിക്കുന്നതും എഡിജിപിയാണ്. ബിജെപിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് നിയമസഭയില്‍ ഒരു സീറ്റ്, ഇതാണ് എഡിജിപിയുടെ ഏറ്റെടുത്തിരിക്കുന്ന ലക്ഷ്യം. ഇതാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ ചിത്രം''- അന്‍വര്‍ പറഞ്ഞു.

''പോലീസ് ആസ്ഥാനത്ത് എഡിജിപിയുടെ സംഹാര താണ്ഡവമാണ് നടക്കുന്നത്. പൂരം കലക്കല്‍ വീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയില്ല. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തെളിവ് ഉണ്ടായിട്ടും ചെയ്യുന്നില്ല. റിപ്പോര്‍ട്ട് പ്രകാരം സസ്‌പെന്‍ഡ് ചെയ്യേണ്ടി വരും. അജിത്കുമാറിനെയും പി ശശിയെയും തൊട്ടാല്‍ എന്ത് സംഭവിക്കുമെന്ന് കേരളത്തില്‍ അറിയുന്ന ഏകവ്യക്തി മുഖ്യമന്ത്രിയാണ്''- അന്‍വര്‍ ആരോപിച്ചു.

താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ അല്ല തമിഴ്‌നാട്ടില്‍ പോയതെന്നും ഈ നാടിന്റെ വിപത്തിനെതിരെ ജനങ്ങളെ ഒരുമിച്ച് കൂട്ടിക്കൊണ്ട് ഒരു സാമൂഹികമുന്നേറ്റം കേരളത്തില്‍ തുടങ്ങുന്നു. അതിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും തമിഴ് ജനതയുടെയും ആശിര്‍വാദം തേടിപ്പോയതാണെന്നും അന്‍വര്‍ പറഞ്ഞു. ''ഇതൊരു രാഷ്ട്രീയ മുന്നേറ്റമല്ല, ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നത് ഇപ്പോള്‍് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമല്ല. ഇത് പരിപൂര്‍ണമായും ഒരു സാമൂഹികമുന്നേറ്റമായി, നയരേഖയില്‍ സൂചിപ്പിച്ച അനീതിക്കും അക്രമത്തിനുമെതിരെ ഈ നാട്ടിലെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ജനകീയ മുന്നേറ്റമാണ് ലക്ഷ്യമാക്കുന്നത്''- അന്‍വര്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ സീമകള്‍ ലംഘിച്ചുകൊണ്ട് ഈ നാട്ടിലെ ജനങ്ങളോട്‌ വിളിച്ചു പറയേണ്ടിവന്ന ഗതികേടിന്റെ ഉടമയാണ് താനെന്നും ആ തന്നെയാണ്‌ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പടിക്ക് പുറത്താക്കിയതെന്നും അന്‍വര്‍ പറഞ്ഞു. കള്ളക്കേസുകള്‍ എടുത്ത് തന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് നോക്കുന്നതെങ്കില്‍ മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ഒന്നേ പറയാനുള്ളുവെന്നും ''നിങ്ങളുടെ മുന്നില്‍ മുട്ടുമടക്കാന്‍ പിവി അന്‍വര്‍ ഒരുക്കമല്ല'' എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടുമാണ് അന്‍വര്‍ തന്റെ അഭിസംബോധന അവസാനിപ്പിച്ചത്.

logo
The Fourth
www.thefourthnews.in