ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

'ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരം', അന്‍വറുടെ ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടി
Updated on
1 min read

സംസ്ഥാന രാഷ്ട്രീയത്തെ കലുഷിതമാക്കി പോലീസിനെതിരെ ഭരണ കക്ഷി എംഎല്‍എ ആയ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലെ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടി. പുറത്തുവരുന്ന വാര്‍ത്തകള്‍ ഗുരുതരമാണെന്ന പ്രതികരണത്തോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയത്.

മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമാണ്. സംസ്ഥാനത്ത് വ്യാപകമായി ചോര്‍ത്തിയെന്ന സൂചന നല്‍കുന്നതാണ് വിവരങ്ങള്‍. പോലീസുകാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വറും പറയുന്നു. ഇത് ഗുരുതരമായ നിയമ ലംഘനമാണ്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. സംസ്ഥാന ഭരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍ എന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഗവര്‍ണറുടെ ഇടപെടലോടെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പുതിയ മാനം കൈവരുമെന്നാണ് വിലയിരുത്തല്‍. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ വിഷയം പുതിയ തര്‍ക്കവിഷയമാകും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
അന്‍വറിന്റെ പോര്‍വിളിയില്‍ വീണ്ടും നടുങ്ങി സിപിഎം; മുഖംരക്ഷിക്കുമോ ശശിധരനെയും ബെന്നിയെയും അടക്കം സ്ഥലംമാറ്റിയുള്ള പോലീസിലെ അഴിച്ചുപണി?

അതിനിടെ, പോലീസിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് വീണ്ടും പി വി അന്‍വര്‍ രംഗത്തെത്തി. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്നാണ് അന്‍വര്‍ ഇന്ന് നടത്തിയ ആരോപണം. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എ ഇക്കാര്യം ആരോപിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്താതെ പൂഴ്ത്തിവെച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
'ഗോള്‍വാക്കറിന്റെ ചിത്രത്തിനു മുന്നില്‍ വിളക്കുകൊളുത്തിയത് ആരെന്ന് എല്ലാര്‍ക്കുമറിയാം'; വിവാദങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

പോലീസിലെ വിഷയത്തില്‍ ഉള്‍പ്പെടെ വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും, മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്. അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂര്‍ണ ബോധ്യം വരുന്നതോടെ അതിന്മേല്‍ ഒരു തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.' എന്നും അന്‍വര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in