ചേലക്കരയിൽ പത്രസമ്മേളനവുമായി പി വി അൻവർ; നേരിട്ടെത്തി നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ, നടപടിയുണ്ടാകും
ചേലക്കരയിൽ പി വി അൻവർ എംഎൽഎയുടെ പത്രസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. സമ്മേളനം തുടങ്ങുന്നതിന് മുൻപേ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ എത്തി നിർത്താൻ ആവശ്യപ്പെട്ടു. ചട്ടലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ അനുമതി എടുത്തിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അൻവർ തർക്കിച്ചതോടെ നോട്ടീസ് നൽകി ഉദ്യോഗസ്ഥർ മടങ്ങി. കൂടുതൽ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് വിവേക് ആണ് അൻവറിന് താക്കീതുമായി ചേലക്കരയിലെ ഹോട്ടലിൽ എത്തിയത്. ഏത് ചട്ടമാണ് ലംഘിക്കുന്നതെന്ന് പറയണമെന്നാണ് അൻവർ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥൻ മറുപടി നൽകിയെങ്കിലും അൻവർ അവഗണിക്കുകയായിരുന്നു. ഭയപ്പെടുത്താൻ നോക്കണ്ട, ചട്ടം ലംഘിച്ചിട്ടില്ല എന്ന് അൻവർ തർക്കിക്കുകയായിരുന്നു. പറയാനുള്ളത് പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂറിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്ഷേപണം പാടില്ലെന്നും, അത്തരത്തിൽ വാർത്ത സമ്മേളനം നടത്തുന്നത് ചട്ടലംഘനമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അൽപ്പ സമയത്തിനുള്ളിൽ തന്നെ അദ്ദേഹം നടപടി ഉണ്ടാക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് പിവി അൻവറിന് പത്രസമ്മേളനം നടത്തനുള്ള അനുമതി നൽകിയിരുന്നില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവിധ പാർട്ടികൾ ചിലവഴിച്ച പണത്തെക്കുറിച്ചായിരുന്നു അൻവർ ആരോപണം ഉന്നയിച്ചത്. ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? കോളനികളില്‍ ഇടതുമുന്നണി പണവും മദ്യവും ഒഴുക്കുന്നുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അൻവറിന്റെ ഡിഎംകെ പാർട്ടിയിൽ നിന്ന് എൻ കെ സുധീർ ആണ് ചേലക്കരയിൽ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം സുധീറിന് പ്രകടനത്തിന് ഉള്ള അനുമതി പോലീസ് നിഷേധിച്ചിരുന്നു. പിന്നാലെ പ്രതിഷേധമെന്ന നിലയിൽ പൊലീസിനെ വെല്ലുവിളിച്ച് പി വി അൻവർ ഡിഎംകെ വാഹന പ്രകടനം നടത്തുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴി പൂർണമായി തടസ്സപ്പെട്ടു. എൻ കെ സുധീറിൻ്റെ മുപ്പത് പ്രചാരണ ലോറികളാണ് റോഡിൽ ഇറങ്ങിയത്. നഗരം ഗതാഗത കുരുക്കിൽ ആവുകയും ചെയ്തിരുന്നു.