പി വി അന്‍വര്‍ എം എല്‍ എയുടെ കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ തടയണകള്‍ പൊളിച്ചുതുടങ്ങി

പി വി അന്‍വര്‍ എം എല്‍ എയുടെ കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ തടയണകള്‍ പൊളിച്ചുതുടങ്ങി

അഞ്ചു വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് നടപടി
Updated on
2 min read

കോഴിക്കോട് കക്കാടം പൊയിലിൽ പി വി അൻവർ എം എൽ എയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ തടയണകൾ പൊളിച്ചു നീക്കാൻ തുടങ്ങി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തടയണകൾ പൊളിക്കുന്നത്. വില്ല പ്രോജക്ടിൻ്റെ ഭാഗമായി മൂന്ന് തടയിണകളായിരുന്നു കക്കാടം പൊയിലിൽ പി വി അൻവർ നിർമിച്ചത്. ഇതിനെതിരെയുള്ള കേസ് നിലനിൽക്കെ ഭൂമി കൈമാറ്റം ചെയ്തിരുന്നു. നിലവിൽ റഫീഖ് ആലുങ്കൽ എന്നയാളുടെ ഉടമസ്ഥതയിലാണ് തടയണകൾ നിൽക്കുന്ന സ്ഥലം.

പി വി അൻവർ എം എൽ എയുടെ കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കാന്‍ അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടം നാള്‍വഴികള്‍

  • പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് ടൂറിസം പദ്ധതിയുടെ ഭാഗമായി 2017ല്‍ സമുദ്ര നിരപ്പില്‍ നിന്ന് 3,000 അടി ഉയരത്തില്‍ പിവിആര്‍ നാച്വറോ റിസോര്‍ട്ട് നിര്‍മിച്ചു.

  • അനുമതിയില്ലാതെ തടയണകള്‍ കെട്ടിയെന്നും ദുരന്ത സാധ്യതയും ചൂണ്ടിക്കാട്ടി തടയണകള്‍ പൊളിച്ചുനീക്കണമെന്നും വശ്യപ്പെട്ട് പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന്‍ 18-9-2018ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കോഴിക്കോട് കളക്ടര്‍ക്ക് പരാതി നല്‍കി.

  • പരാതിയില്‍ ഒരു വര്‍ഷമായിട്ടും കളക്ടര്‍ ഒരു നടപടിയും സ്വീകരിക്കാത്തത് ചൂണ്ടികാട്ടി മുരുഗേഷ് നരേന്ദ്രന്‍ 2-9-2019ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പരാതി നല്‍കി.

  • മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്തിയ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍, അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് തടയണകള്‍ നിര്‍മിച്ചതെന്ന് 20-1-2020തിന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

  • തടയണകള്‍ അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും ജില്ലാ കളക്ടര്‍ നടപടിയെടുക്കാതായതോടെ സാംസ്‌ക്കാരിക അന്വേഷണ യാത്രയിലെ അംഗമായിരുന്ന കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി വി രാജന്‍ 2020 ത്തില്‍ ഹൈക്കോടതിയെ സമീപിച്ചു.

  • ഹൈക്കോടതി ഉത്തരവനുസരിച്ച് കളക്ടര്‍ 25-1-2021ന് വിചാരണ നടത്തിയെങ്കിലും പിവിആര്‍ നാച്വറോ റിസോര്‍ട്ട് ഉടമകള്‍ക്ക് അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനായില്ല.

  • ഹൈക്കോടതി കളക്ടര്‍ക്ക് നോട്ടീസ് അയച്ചതോടെ 13-8-2021 വീണ്ടും കളക്ടര്‍ ടി വി രാജനെയും റിസോര്‍ട്ട് മാനേജരെയും വിളിച്ച് വിചാരണ നടത്തി.

  • ഇതോടെ പിവിആര്‍ നാച്വറോ റിസോര്‍ട്ടിന് വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മിച്ച നാല് തടയണകളും പൊളിച്ചു നീക്കാന്‍ 30-8-2021ന് കോഴിക്കോട് കളക്ടര്‍ ഉത്തരവിട്ടു.

  • തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ പി വി അന്‍വര്‍ എം എല്‍ എ തടയണകളും റിസോര്‍ട്ടും നിലനില്‍ക്കുന്ന സ്ഥലം 29-10-2020തിന് തിരുവമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം നമ്പര്‍ 1351/ 2021 ആയി കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തി.

  • തടയണകള്‍ പൊളിച്ചാല്‍ നീരുറവക്ക് കുറുകെ പണിത റോഡില്ലാതാകുമെന്നും തനിക്കും സമീപത്തുള്ളവര്‍ക്കും വഴിയില്ലാതാകുമെന്നു കാണിച്ച് കളക്ടറുടെ ഉത്തരവിനെതിരെ 2022ല്‍ ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചു.

  • ഷഫീഖ് ആലുങ്ങളിന്റെ അപേക്ഷയില്‍ അഡ്വ. ടി ടി ഷാനിബയെ അഡ്വക്കറ്റ് കമ്മീഷനായി ഹൈക്കോടതി നിയോഗിച്ചു.

  • തടയണയിലെ വെള്ളം ഒഴുക്കിവിട്ടതിനാല്‍ അപകട ഭീഷണിയില്ലെന്നും തടയണയില്‍ വെളള്ളം ഉള്ളതുകൊണ്ടാണ് സമീപത്തെ വീടുകളിലെ കിണറുകളില്‍ വെള്ളം ലഭിക്കുന്നതെന്നും തടയണ പൊളിച്ചാല്‍ നാട്ടുകാര്‍ക്ക് വഴിയുണ്ടാകില്ലെന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്.

  • കക്കാടംപൊയില്‍ സ്വദേശി കെ വി ജിജു കേസില്‍ കക്ഷിചേര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

  • വിശദമായ വാദങ്ങള്‍ക്കു ശേഷം തടയണകള്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ ജസ്റ്റിസ് വി ജി അരുണ്‍ 26-10-2022ന് ഉത്തരവിട്ടു.

  • ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പി വി അന്‍വര്‍ എം എല്‍ എയുടെ പിവിആര്‍ നാച്വറോ റിസോര്‍ട്ടും ഷഫീഖ് ആലുങ്ങളും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഹർജി സമര്‍പ്പിച്ചു.

  • വിശദമായ വാദങ്ങള്‍ക്കു ശേഷം സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച് അപ്പീലുകള്‍ തള്ളി ഒരു മാസത്തിനകം തടയണകള്‍ പൊളിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് 31-1-2023ന് ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in