'മറ്റ് പാർട്ടിക്കാരില്‍നിന്ന് മർദനമേറ്റപ്പോൾ സംരക്ഷിച്ചില്ല'; സത്യനാഥന്‍ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്
സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി വി സത്യനാഥനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. "പി വി സത്യനാഥന്‍ തന്നെ മനഃപൂർവം അവഗണിച്ചു. പാർട്ടി പ്രവർത്തനത്തില്‍നിന്ന് മാറ്റി നിർത്തി. മറ്റ് പാർട്ടിക്കാരില്‍നിന്ന് മർദനമേറ്റ സംഭവത്തില്‍ തന്നെ സംരക്ഷിച്ചില്ല, ഇതാണ് വ്യക്തിവൈരാഗ്യത്തിന് കാരണമായത്," പ്രതി പെരുവട്ടൂർ സ്വദേശി അഭിലാഷിന്റെ മൊഴിയില്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു പി വി സത്യനാഥന്‍ കൊല്ലപ്പെട്ടത്. പ്രതി അഭിലാഷ് പോലീസില്‍ കീഴടങ്ങുകയായിരുന്നു. അഭിലാഷ് കുറ്റം സമ്മതിച്ചതായി പോലീസ് ഇന്നലെ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചന തുടക്കം മുതല്‍ പോലീസ് നല്‍കിയിരുന്നു. അഭിലാഷ് ബ്രാഞ്ച് കമ്മിറ്റി മുൻ അംഗമാണ്.
ഉത്സവപ്പറമ്പിൽ ഗാനമേള നടക്കവെ ക്ഷേത്ര ഓഫിസിനു സമീപം നിൽക്കുകയായിരുന്ന സത്യനാഥനെ മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിലും പുറത്തുമായി നാല് വെട്ടേറ്റ സത്യനാഥനെ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ കൊയിലാണ്ടി താലൂക്കിൽ സി പി എം ഹർത്താല്‍ ആചരിച്ചിരുന്നു.
സംഭവസ്ഥലത്തെത്തിയ ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ സംഭവം രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പ്രതികരിച്ചിരുന്നു.