'സിദ്ധാർത്ഥന്റേത് കൊലപാതകം'; സിബിഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിക്ക് കത്ത്

'സിദ്ധാർത്ഥന്റേത് കൊലപാതകം'; സിബിഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിക്ക് കത്ത്

ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
Published on

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ രണ്ടാംവർഷം ബിരുദ വിദ്യാർഥി ജെ എസ് സിദ്ധാർത്ഥന്റെ മരണം ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകമെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എസ്എഫ്ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാമ്പസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

'സിദ്ധാർത്ഥന്റേത് കൊലപാതകം'; സിബിഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിക്ക് കത്ത്
'സിദ്ധാര്‍ഥന്റേത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ തന്നെ'; പൂക്കോട് സര്‍വകലാശാലയിലെ ദുരനുഭവം വെളിപ്പെടുത്തി പൂർവ വിദ്യാർഥി

ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർഥിയായിരുന്നു സിദ്ധാർത്ഥൻ. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും നീതി കിട്ടണം. ഒരു മകന്റെ ജീവിതം ഇതുപോലെ ഇല്ലാതാകുന്നത് കാണുന്നതിന്റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ജീവിക്കേണ്ടി വരരുത്. വിദ്യാർഥികളെ സംരക്ഷിക്കാൻ ചുമതലയുള്ള ഒരു സ്ഥാപനത്തിന്റെ പരാജയം കൂടിയാണ് ഇവിടെ കാണാനാവുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

"കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കാൻ സർവകലാശാല അധികൃതരും, നിയമപാലകരും ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടു. കേസ് മൂടി വെക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ഈ നീക്കത്തെ അപലപിക്കുന്നു. വ്യാപകമായ ജനരോക്ഷത്തിന് ശേഷം മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നതിനാൽ തന്നെ അന്വഷണത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കിയിട്ടുണ്ട്. പോലീസ് റിമാന്റ്‌ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിലും സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ധാർമ്മികമായ കടമ സർക്കാരിനുണ്ട്," രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in