രാഹുൽ ഗാന്ധി കൊച്ചിയിലുണ്ട്; പക്ഷെ, യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണത്തിനില്ല
രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. രാഹുലിനെ പിന്തുണയ്ക്കുന്ന മുൻ പ്രസിഡൻ്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ദിവസം എറണാകുളത്തുള്ള രാഹുൽ ഗാന്ധി സ്ഥാനാരോഹണ ചടങ്ങിലേക്കുള്ള ക്ഷണം നിരാകരിച്ചുവെന്ന് യൂത്ത് കോൺഗ്രസ് വൃത്തങ്ങൾ ‘ദ ഫോർത്തി’നോട് പറഞ്ഞു.
യൂത്ത് കോൺഗ്രസിൻ്റെ പുതിയ സംസ്ഥാന കമ്മിറ്റിക്ക് ഡിസംബർ ഒന്നിന് ഔദ്യോഗികമായി ചുമതല കൈമാറാൻ ആണ് പഴയ കമ്മിറ്റിയുടെ തീരുമാനം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഷാഫി പറമ്പിൽ നിയുക്ത പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്സ് കൈമാറുന്നതോടെയാണ് സ്ഥാനാരോഹണം പൂർത്തിയാകുന്നത്. വൈകിട്ട് മൂന്നരയ്ക്ക് എറണാകുളം കലൂർ എ ജെ ഹാളിലാണ് പുതിയ ഭാരവാഹികളുടെ സംഗമവും അധികാര കൈമാറ്റവും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ഉദ്ഘാടകൻ. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, എം പിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
അഞ്ചു ദിവസത്തേക്ക് കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഡിസംബർ ഒന്നിന് എറണാകുളത്തുണ്ട്. അവിടെ രണ്ട് പരിപാടികളിൽ അന്നേ ദിവസം അദ്ദേഹം പങ്കെടുക്കുന്നുമുണ്ട്. രാവിലെ പതിനൊന്നേകാലിനുള്ള മഹിള കോൺഗ്രസിൻ്റെ സംസ്ഥാന കൺവെൻഷനും രണ്ടരയ്ക്കുള്ള സുപ്രഭാതം പത്രത്തിൻ്റെ വാർഷികാഘോഷവുമാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടികൾ. മറൈൻ ഡ്രൈവിൽ ആണ് ആദ്യ പരിപാടി, രണ്ടാമത്തേത് എറണാകുളം ടൗൺഹാളിലും. രണ്ടരയ്ക്ക് രാഹുൽ ഗാന്ധി എത്തുന്ന ടൗൺ ഹാളിന് വളരെ അടുത്താണ് മൂന്നരയ്ക്ക് യൂത്ത് കോൺഗ്രസിൻ്റെ പരിപാടി നടക്കുന്ന എ ജെ ഹാൾ. അതായത്, രണ്ട് കിലോമീറ്റർ അപ്പുറം ഉണ്ടായിട്ടും രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്ന് സാരം.
അസാന്നിധ്യം എന്തുകൊണ്ട്?
സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് പരാതിയും, വ്യാജ വോട്ട് പരാതിയും തുടങ്ങി പുതിയ കമ്മിറ്റി പ്രഖ്യാപനം മുതൽ യൂത്ത് കോൺഗ്രസ് നന്നേ ക്ഷീണത്തിൽ ആണ്. വ്യാജ തിരിച്ചറിയൽ കാർഡ് പരാതി ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. ഇതിനിടയിൽ ആണ് രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം. രാഹുലിനെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തുടക്കം മുതൽ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ ശ്രമിച്ചിരുന്നു. രാഹുൽ കേരളത്തിൽ ഉള്ളപ്പോൾ തന്നെ പരിപാടി തീരുമാനിച്ചതും ഇതിനാലാണ്. വ്യാജ രേഖാ നിർമാണ കേസിൽ പോലീസ് അന്വേഷണം നടക്കുന്നതും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ചിട്ടുണ്ടാവണം. രാഹുൽ ഗാന്ധി ക്ഷണം നിരസിച്ചതോടെ കെ സി വേണുഗോപാലിനെ ഉദ്‌ഘാടകനാക്കാൻ നേതൃത്വം നിർബന്ധിതമായി.
അതേസമയം, ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും എന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഷാഫിയോടും രാഹുലിനോടും അടുപ്പമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം. അധികാരക്കൈമാറ്റത്തിന് മുൻ സംസ്ഥാനപ്രസിഡൻ്റ് പങ്കെടുത്താൽ മതി, അതിന് രാഹുൽ ഗാന്ധി എത്തേണ്ടത് ഇല്ല എന്നാണ് പുതിയ കമ്മിറ്റിയുടെ വിശദീകരണം.