തലപ്പുഴ ജീപ്പപകടം: അനുശോചിച്ച് രാഹുൽ ഗാന്ധി
വയനാട് മാനന്തവാടി തലപ്പുഴയിലുണ്ടായ ജീപ്പകടത്തിൽ അനുശോചനം രേഖപ്പെടുത്തി എം പി രാഹുൽ ഗാന്ധി. ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് വേഗത്തിലുള്ള നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് രാഹുൽ അനുശോചനം അറിയിച്ചത്.
"വയനാട്ടിലെ മാനന്തവാടിയിൽ നിരവധി തേയിലത്തോട്ട തൊഴിലാളികളുടെ ജീവൻ അപഹരിച്ച ദാരുണമായ ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ജില്ലാ അധികാരികളുമായി സംസാരിച്ച് വേഗത്തിലുള്ള നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ മനസ് ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു," രാഹുൽ ഗാന്ധി പറഞ്ഞു.
തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒൻപത് പേരാണ് മരിച്ചത്. മൂന്നുപേരുടെ നില ഗുരുതരമാണ്. 12 പേരുമായി പോകുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് പാറക്കെട്ടുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ മൂന്ന് പേർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വൈകിട്ട് 3.30 കഴിയവെയായിരുന്നു ദാരുണ സംഭവം.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും അനുശോചിച്ചു. ഒൻപത് പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്നും ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് സ്പീക്കർ എ എൻ ഷംസീർ. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.