രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ സർവകക്ഷിയോഗം

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ സർവകക്ഷിയോഗം

ബുധനാഴ്ച വയനാട് സന്ദർശിക്കുമെന്നറിയിച്ച രാഹുൽ ഗാന്ധി പ്രതികൂലകാലാവസ്ഥയെത്തുടർന്ന് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു
Updated on
1 min read

ഉരുൾപൊട്ടലിൽ ഇരുന്നൂറിലധികം പേർ മരിച്ച വയനാട്ടിലേക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നെത്തും. ബുധനാഴ്ച വരാനിരുന്ന രാഹുൽ ഗാന്ധി മോശം കാലാവസ്ഥയെത്തുടർന്ന് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട് സന്ദർശിക്കും. വയനാട് കലക്ടറേറ്റിൽ ചേരുന്ന സർവകക്ഷിയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും.

പ്രതികൂലകാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ലാൻഡിങ് ദുഷ്കരമാകുമെന്ന് അധികൃതർ അറിയിച്ചതിനെതുടർന്നാണ് രാഹുൽ യാത്ര വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. എത്രയും പെട്ടന്ന് നിങ്ങളെ സന്ദർശിക്കുമെന്ന് മാത്രമാണ് തനിക്ക് വയനാട്ടിലെ ജനങ്ങളോട് പറയാനുള്ളതെന്നു രാഹുൽ എക്‌സിൽ കുറിച്ചു. "ഈ സമയത്ത് എന്റെ ചിന്തയിലും പ്രാർത്ഥനയിലും നിങ്ങൾ മാത്രമാണുള്ളത്," രാഹുൽ എഴുതി.

രാഹുലിനൊപ്പം സഹോദരിയും നാളെ വയനാട്ടിലെത്തി. രാഹുൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിഞ്ഞതിനെത്തുടർന്ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ സർവകക്ഷിയോഗം
നെഞ്ചുതകര്‍ന്ന് വയനാട്; മരണം 270, ഇടവിട്ട് പെയ്യുന്ന മഴ രക്ഷാദൗത്യത്തിന് വെല്ലുവിളി

വയനാട് കലക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷിയോഗം ചേരും. ജില്ലയിൽ ക്യാംപ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സർകക്ഷിയോഗത്തിനു മുമ്പായി കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

വയനാട് മേപ്പാടിക്കടുത്ത് മുണ്ടിക്കൈ, ചൂരൽമല പ്രദേശത്താണ് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തതരം മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. ഇതുവരെ 270 പേർ മരിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇടവിട്ടുള്ള മഴ നിലവിൽ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫയർ ഫോഴ്സും എൻഡിആർഎഫും സൈന്യവും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.

നിലവിൽ 250ലധികം ആളുകളെ കാണാനില്ലെന്നാണ് കണക്കാക്കുന്നത്. 195 പേർ നിലവിൽ വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈപ്പുഴ മുറിച്ചുകടക്കുന്നതിനായി സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. രാത്രിയിലും കർമനിരതമായി നാളത്തോടെ പാലം നിർമാണം പൂർത്തിയാക്കാനാണ് സൈന്യം ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in