രാഷ്ട്രീയത്തില്‍ വഴികാട്ടിയായ ജ്യേഷ്‌ഠ സഹോദരന്‍; ആര്യാടന്റെ വിയോഗം തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി

രാഷ്ട്രീയത്തില്‍ വഴികാട്ടിയായ ജ്യേഷ്‌ഠ സഹോദരന്‍; ആര്യാടന്റെ വിയോഗം തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി

നിയമസഭയിലെ ഗുരുനാഥനെയാണ് തനിക്ക് നഷ്ടമായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍
Updated on
1 min read

ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമെന്ന് രാഹുല്‍ ഗാന്ധി. ആര്യാടന്റെ വിടവ് പാര്‍ട്ടിക്ക് നികത്താനാവാത്ത നഷ്ടമാണ്. തന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹം രാഷ്ട്രീയത്തില്‍ വഴികാട്ടിയായ ഒരു മൂത്ത സഹോദരനായിരുന്നു. അതുകണ്ട് തന്നെ ആര്യാടന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്യാടന്‍ മുഹമ്മദ് മികച്ച ഒരു രാഷ്ട്രീയക്കാരന്‍ ആയിരുന്നു അതിലുപരി നല്ലൊരു മനുഷ്യനായിരുന്നു എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഭാരത്‌ ജോഡോ യാത്ര വടക്കന്‍ കേരളത്തിലേക്ക് കടക്കാനിരിക്കെയാണ് ഈ മേഖലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിന്റെ വിയോഗം. മുഹമ്മദിന് ആദരാഞ്ജലികള്‍ അർപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് നിലമ്പൂരിലേക്ക് പോകും. എന്നാല്‍ ഭാരത്‌ജോഡോ യാത്രയുടെ ഷെഡ്യൂളില്‍ മാറ്റമുണ്ടാവില്ല. നിലമ്പൂരില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം യാത്ര തുടരുമെന്നാണ് അറിയിപ്പ്.

ആര്യാടന്‍ മുഹമ്മദ് മികച്ച ഒരു രാഷ്ട്രീയക്കാരന്‍ ആയിരുന്നു അതിലുപരി നല്ലൊരു മനുഷ്യനായിരുന്നു

ആര്യാടന്റെ നിര്യാണത്തോടെ നിയമസഭയിലെ ഗുരുനാഥനെയാണ് തനിക്ക് നഷ്ടമായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഭരണഘടനാ ബോധമുള്ള നേതാവായിരുന്നു ആര്യാടന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും ശക്തനായ നേതാവായിരുന്നു ആര്യാടന്‍ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുസ്മരിച്ചു. ജനങ്ങള്‍ക്ക് എക്കാലവും പ്രിയങ്കരനായായ നേതാവാണ് അദ്ദേഹം, അപാരമായ ദീര്‍ഘ വീക്ഷണമുള്ള നേതാവായിരുന്നു എന്നും മരണം കോണ്‍ഗ്രസിന് വലിയ വിടവാണെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.

2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയാണ് അദ്ദേഹം 8 തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

logo
The Fourth
www.thefourthnews.in