എല്ലാ കേസുകളിലും ജാമ്യം; എട്ട് ദിവസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായി രാഹുല്‍ മാങ്കൂട്ടത്തില്‍
എട്ട് ദിവസങ്ങള്‍ക്ക് ശേഷം സെക്രട്ടറിയേറ്റ് മാർച്ചിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ജയില്‍ മോചിതനായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസിലും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും ജാമ്യം ലഭിച്ചതോടെ, അദ്ദേഹം ഇന്ന് ജയില്‍ മോചിതനാകുകയായിരുന്നു. 50,000 രൂപയുടെ ആള്‍ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്നിവ ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം. രാഹുലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ എതിര്‍പ്പ് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ രാഹുല്‍ പോലീസിനെ ആക്രമിച്ചെന്നും അതിനാല്‍ രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ എടുത്ത കേസുകളിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചു പോലീസിനെ അതിക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ 9-നാണ് രാഹുല്‍ മാങ്കൂട്ടത്തലിനെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസിട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ഈമാസം 22വരെ റിമാന്‍ഡ് ചെയ്തു. ശേഷം തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. രാഹുലിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.