പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ; മലയോര മേഖലയിലും തീരദേശത്തും യാത്രാവിലക്ക്; മത്സ്യബന്ധത്തിന് നിരോധനം

തിരുവനന്തപുരത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
Updated on
2 min read

സംസ്ഥാനത്ത് നാലുദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോമോറിന്‍ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറന്‍ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവാന്‍ കാരണം. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നില്‍ കാണുന്നത്.

പ്രതീകാത്മക ചിത്രം
പെരുമാതുറയിയിൽ ബോട്ട് മറിഞ്ഞ് രണ്ട് മരണം; അമ്പലപ്പുഴയില്‍ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

അപകട സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് നിന്ന് സെപ്റ്റംബര്‍ അഞ്ച് മുതല്‍ എട്ട് വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയും കര്‍ണാടക തീരത്തു നിന്ന് എട്ട്, ഒൻപത് തീയതികളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വ്യാപക നാശനഷ്ടം

ശക്തമായ കാറ്റിലും, മഴയിലും വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീരദേശ മേഖലയിലും കാറ്റും കടല്‍ ക്ഷോഭവും രൂക്ഷമാണ്. അപകട സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലും തീരദേശമേഖലയിലും യാത്രാവിലക്ക് ശക്തമാക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ ഖനനത്തിനും വിലക്കുണ്ട്. കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. ഓച്ചിറയിലും മുണ്ടയ്ക്കലും ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ മരം വീണു. പരവൂരില്‍ പൂതകുളം കലയ്‌ക്കോടില്‍ വൈദ്യുതലൈനിന് മുകളിലും ഏഴുകോണിനും കുണ്ടറയ്ക്കുമിടയില്‍ റെയില്‍വേ പാളത്തിലും മരം വീണു.

ഇടുക്കിയില്‍ മഴ ശക്തിപ്രാപിച്ചതോടെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പടുത്തി. രാത്രി ഏഴ് മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് നിയന്ത്രണം. ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ട്രക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കോട്ടയത്തും മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലായിലും കനത്തമഴ തുടരുകയാണ്. പാലക്കാട്ട് കല്ലടിക്കോട് ഉണ്ടായ മലവെള്ളപ്പാച്ചില്‍ പാലക്കാട്- കോഴിക്കോട് ദേശീയ പാതയില്‍ വെള്ളം കയറി.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട്; മഴ കനക്കും

നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ 100 സെന്‍റീമീറ്റര്‍ ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇതിനോടകം 80 സെന്‍റീമീറ്ററും അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 120 സെന്‍റീമീറ്ററും ഉയര്‍ത്തി. പ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ടയിലും ശക്തമായി മഴ തുടരുകയാണ്. പമ്പാനദിയും തോടുകളും കരകവിഞ്ഞു. ഇടമലയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചത്. നിലവിലെ ജലനിരപ്പ് 164.50 മീറ്ററാണ്.

മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി

തിരുവനന്തപുരം വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചു പോയി. മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാറാണ് ഒലിച്ച് പോയത്. കാറില്‍ ഉണ്ടായിരുന്ന മൂന്ന്പേര്‍ രക്ഷപ്പെട്ടു. ആലപ്പുഴയില്‍ കളക്ടറുടെ വസതിക്ക് സമീപം റോഡില്‍ മരം വീണ് കാര്‍ തകര്‍ന്നു. വയനാട് മീനങ്ങാടിയില്‍ കനത്തമഴയില്‍ റോഡ് ഒലിച്ചുപോയി. അപ്പാട് കോളനിക്ക് സമീപമുള്ള റോഡാണ് തകര്‍ന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞാണ് അപകടം.

തിരുവനന്തപുരത്ത് നാളെ അവധി

തിരുവനന്തപുരത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in