സംസ്ഥാനത്ത് കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Updated on
1 min read

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ട് കാരണം യാത്രാതടസം നേരിട്ടുകൊണ്ടിരിക്കുകയാണ്.

തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതും മഴ കനക്കാന്‍ കാരണമാകും. അടുത്ത 5 ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 18 വരെയുള്ള തീയ്യതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
'മുസ്ലീം സ്ത്രീകള്‍ തട്ടം ധരിക്കണം, സമസ്തയില്‍ സിപിഎം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു': കടുപ്പിച്ച് പിഎംഎ സലാം

തെക്കന്‍ തമിഴ്‌നാട് തീരത്തും കേരളത്തീരത്തും ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സമിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ലെന്നാണ് നിര്‍ദേശം. 1.9 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

ഇതിനോടകം തന്നെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയ സാഹചര്യമാണുള്ളത്. പാറ്റൂര്‍, കണ്ണമൂല, വെള്ളായണി , ചാക്ക തുടങ്ങിയ തിരുവനന്തപുരത്തെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് യുവാവിന് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 4 ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. എന്നാല്‍ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താനാണ് സാധ്യത. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആകെ 10 cm ഉയർത്തിയിട്ടുണ്ട്. വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 08:30 ന് അത് 70 സെന്റീമീറ്റര്‍ കൂടി വർധിപ്പിച്ച് ആകെ 80 cm ആയി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

logo
The Fourth
www.thefourthnews.in