സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, അഞ്ച് ജില്ലകളില്‍ റെഡ് അലർട്ട്; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മഴ അതിതീവ്രമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലാക്കാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ടുമാണ്.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം മലപ്പുറം, കാസർക്കോട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നു. തെക്കുകിഴക്കൻ മധ്യ പ്രദേശിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു .ഇതിന്റെ ഫലമായി അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ജൂലൈ 30: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ജൂലൈ 30: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലാക്കാട്.
ജൂലൈ 31: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ജൂലൈ 30: തിരുവനന്തപുരം, കൊല്ലം.
ജൂലൈ 31: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർക്കോട്.
ഓഗസ്റ്റ് 01: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്.