തോടുകള്‍ കരകവിഞ്ഞു, വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം; മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
തിരുവനന്തപുരം, എറണാകുളം പത്തനംതിട്ട ജില്ലകളിൽ മഴ ശക്തം. 12 ജില്ലകളിൽ യെലോ അലർട്ട്. പ്രളയ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവരെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകുകയും വൈദ്യുതി വിച്‌ഛേദിക്കുകയും ചെയ്തു. വെള്ളക്കെട്ട് താഴാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നാണ് കെ എസ് ഇ ബി അറിയിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ നിരവധി ഭാഗങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിയ സാഹചര്യത്തിൽ ആളുകളെ അടുത്തുള്ള സ്കൂളുകളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും, വെള്ളക്കെട്ടുകളിൽ കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിക്കുന്നതിനും അഗ്നിരക്ഷാ സേനയോടൊപ്പം നാട്ടുകാരുടെ വളന്ർറിയർ സംഘവും ചേർന്നു.
കരമന നദിയിലെ വള്ളക്കടവ് സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷന്‍, വാമനപുരം നദിയിലെ അയിലം സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും അരപ്പൊക്കം വെള്ളം കടന്നാണ് ആളുകൾ പോയത്. ശ്രീകാര്യത്ത് വീടിന്റെ മതിൽ പൊളിഞ്ഞു വീണു, ആർക്കും പരിക്കില്ല. തിരുവനന്തപുരം നഗരത്തിന്റെ ചുറ്റുവട്ടത്തുള്ള പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തി. വൃഷ്ടി പ്രദേശത്തുള്ള ആളുകൾക്ക് ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി.
കൊച്ചി എംജി റോഡിലും കലൂരും ശക്തമായ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കഴിഞ്ഞ മണിക്കൂറുകളിൽ മഴ മാറിയതിനാൽ വെള്ളക്കെട്ടുകൾ താഴുന്നത് ആശ്വാസമാണ്. പത്തനംതിട്ട റാന്നിയിലും വെള്ളം കയറി റോഡുകളും വീടുകളും മുങ്ങി. മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം പോത്തൻകോട് ബൈക്കിൽ പോവുകയായിരുന്ന യുവാവിന് മേൽ വീടിന്റെ മതിൽ തകർന്നു വീണു, കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഒക്ടോബർ 18വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ തമിഴ്‌നാട്ടിൽ രൂപപ്പെട്ട ചക്രവാദച്ചുഴിയാണ് ഇപ്പോഴുള്ള ശക്തമായ മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. തീരപ്രദേശങ്ങളിൽ ശക്തമായ വേലിയേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും മലയോര ജില്ലകളിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായും സർക്കാർ മുന്നറിയിപ്പുണ്ട്.