രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

നിരാശയും പ്രതിഷേധവും പരസ്യമാക്കി ചെന്നിത്തല; 'അച്ചടക്കമുള്ളത് കൊണ്ട് മാറ്റി നിർത്തി, പദവിയില്ലാതെയും പ്രവർത്തിക്കും'

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയ രീതി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന്നും ചെന്നിത്തല
Updated on
1 min read

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയ രീതിയിലും പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതിലുമുള്ള നിരാശ അദ്ദേഹം പരസ്യപ്പെടുത്തി. എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും പദവിയില്ലെങ്കിലും പ്രവർത്തിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രവർത്തക സമിതി ലിസ്റ്റ് മാനസിക സംഘർഷമുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല തുറന്നു പറഞ്ഞു. സ്ഥിരം ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തല, പക്ഷെ പാർട്ടിയെ തള്ളിപ്പറയാൻ തയ്യാറായില്ല. ''രണ്ട് പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന പദവിയിൽ വീണ്ടും നിയോഗിച്ചതിൽ അസ്വാഭാവിക തോന്നി. ദേശീയതലത്തിൽ തന്നേക്കാൾ ജൂനിയറായ പലരും പ്രവർത്തക സമിതിയില്‍ എത്തിയപ്പോഴാണ് ഇതുണ്ടായത്. എന്നാൽ അതൊന്നും പാർട്ടി എന്ന വികാരത്തിന് അപ്പുറമല്ല. പറയാനുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും'' - ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല
പ്രവർത്തക സമിതി: ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; പ്രയാസമുണ്ടെങ്കിൽ പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ

'' ഇതുവരേയും പാർട്ടി ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും സത്യസന്ധതയോടെ നിർവഹിച്ചിട്ടുണ്ട്. ഒരു പ്രവർത്തകനുപോലും അപ്രാപ്യനായ നേതാവായിരുന്നില്ല. രണ്ടുവർഷമായി ഒരു പദവിയുമില്ലാതെയാണ് പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നത്. 19 വർഷം മുൻപ് സോണിയ അധ്യക്ഷയായിരിക്കുമ്പോൾ പ്രവർത്തക സമിതി സ്ഥിരാംഗമായും അതിന് മുൻപ് പ്രത്യേക ക്ഷണിതാവായും പ്രവർത്തിച്ചിട്ടുണ്ട്. അച്ചടക്കമുള്ളവരെ മാറ്റിനിർത്താമെന്ന് വിചാരിച്ചുകാണും'' - അതൃപ്തി പ്രകടമാക്കി ചെന്നിത്തല പറഞ്ഞു.

''പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട എ കെ ആന്റണിയും കെ സി വേണുഗോപാലും ശശി തരൂരും കൊടിക്കുന്നിൽ സുരേഷും അതിന് അർഹരായ നേതാക്കളാണ്. തിരിച്ചടിയായത് സാമുദായിക പരിഗണനയാണെന്നും കരുതുന്നില്ല'' - ചെന്നിത്തല വ്യക്തമാക്കി. 16ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ദുഃഖമില്ല. എന്നാൽ മാറ്റിയ രീതി വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രം ആക്കിയതിനെക്കുറിച്ച് ഇതുവരെ ചെന്നിത്തല പ്രതികരിച്ചിരുന്നില്ല. പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമെന്ന സൂചനയായിരുന്നു അദ്ദേഹം നൽകിയത്.

രമേശ് ചെന്നിത്തല
തലസ്ഥാനത്ത് ആരാധനാലയങ്ങൾ സന്ദർശിച്ച് ചാണ്ടി ഉമ്മൻ; പുതുപ്പള്ളി ഹൗസിലും പ്രാർത്ഥന

പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ''പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഒരു സങ്കടവുമില്ല. പക്ഷെ അത് ചെയ്ത രീതി ശരിയായില്ല'' - ചെന്നിത്തല പറഞ്ഞു. ഒരു വിഷയത്തിലും വിഴുപ്പലക്കാനോ പാർട്ടിയെ പ്രതിസന്ധിയിലാക്കാനോ ഇല്ല. വ്യക്തിപരമായ താഴ്ചകൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്ന് ബോധ്യമായെന്നും ചെന്നിത്തല വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in