ബാലചന്ദ്രകുമാർ
ബാലചന്ദ്രകുമാർ

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്; കേസ് അവസാനിപ്പിക്കണമെന്ന പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍

തൻ്റെ വിശ്വാസ്യത തകര്‍ക്കുക മാത്രമായിരുന്നു പരാതിയുടെ ലക്ഷ്യമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ
Updated on
1 min read

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോര്‍ട്ട്. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പീഡനം നടന്നതിന് യാതൊരു തെളിവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്കാരി ആരാണെന്നോ, എവിടെയാണെന്നോ എന്ത് ജോലി ചെയ്യുന്നെന്നോ തുടങ്ങിയ കാര്യങ്ങള്‍ പോലും ബാലചന്ദ്രകുമാറിന് അറിയില്ലെന്ന് വ്യക്തമായെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിലെ വിരോധമാണ് പരാതിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ദിലീപിന്റെ മാനേജരും സുഹൃത്തുക്കളുമാണ് പരാതിയുടെ ആസൂത്രകര്‍. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ക്ക് കോടതിയില്‍ വിശ്വാസ്യത ഇല്ലാതാക്കാനായിരുന്നു വ്യാജപരാതി. പരാതിക്കാരി സമര്‍പ്പിച്ച പ്രായം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ പോലും തെറ്റായിരുന്നു. പീഡനം നടന്നെന്ന് ആരോപിച്ച ഹോട്ടല്‍ പോലും പരാതിക്കാരി കണ്ടിട്ടില്ലെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയിലും മൊഴിയിലും പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിരപരാധിത്വം തെളിഞ്ഞെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത വ്യക്തിയാണ് പരാതിക്കാരിയെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. തന്റെ വിശ്വാസ്യത തകര്‍ക്കുക മാത്രമായിരുന്നു പരാതിക്ക് പിന്നിലെ ലക്ഷ്യം. അവരുടെ പേരോ നാടോ തനിക്ക് അറിയില്ല. പേര് പോലും ആദ്യമായി കേള്‍ക്കുന്നത് എഫ്‌ഐആറിലൂടെയാണ്. വ്യാജ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ സുഹൃത്തുക്കളും മാനേജരുമാണെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയര്‍ന്നത്. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയുടെ പരാതി. സിനിമാ ഗാനരചയിതാവിൻ്റെ വീട്ടില്‍ വച്ചും എറണാകുളത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തിയും പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ബ്ലാക്ക് മെയില്‍ ചെയ്തെന്നും പരാതിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിനെതിരെ പോലീസ് കേസെടുത്തത്.

logo
The Fourth
www.thefourthnews.in