തിരമാലകളില്ലാതെ ശാന്തമായി; കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു, ആശങ്ക വേണ്ടെന്ന് അധികൃതര്‍
കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകിട്ട് ആറ് മണിയോടെയാണ് 100മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. വൈകിട്ട് മൂന്നരയോടെ തന്നെ കടല്‍ ചെറിയ രീതിയില്‍ ഉള്‍വലിഞ്ഞു തുടങ്ങിയിരുന്നെന്നും ആറ് മണിയോടെ 100മീറ്ററോളം ഉള്‍വലിയുകയുമായിരുന്നു. കടല്‍ പിന്‍മാറിയ 50 മീറ്ററോളം ഭാഗത്ത് ചെളി കെട്ടിക്കിടക്കുകയാണ്.
മുന്‍പ് സുനാമി സമയത്തും ചുഴലിക്കാറ്റിന്റെ സമയത്തും ഇത്തരത്തില്‍ കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതാണ് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയത്. എന്നാല്‍ കൊയിലാണ്ടി, പരപ്പനങ്ങാടി തീരങ്ങളില്‍ ഇത്തരം പ്രതിഭാസം കണ്ടുവരാറുണ്ട്.
സുനാമി സമയത്തും ചുഴലിക്കാറ്റിന്റെ സമയത്തും ഇത്തരത്തില്‍ കടല്‍ ഉള്‍വലിഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടുകാര്‍ തീരത്തേക്ക് ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്‍ക്കുന്നില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ദുരന്തനിവാരണ സേന വ്യക്തമാക്കി.