വിഴിഞ്ഞം: പരമാവധി ക്ഷമിച്ചെന്ന് തുറമുഖ മന്ത്രി; തുറന്ന സമീപനമെന്ന് പി രാജീവ്, ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷം

വിഴിഞ്ഞം: പരമാവധി ക്ഷമിച്ചെന്ന് തുറമുഖ മന്ത്രി; തുറന്ന സമീപനമെന്ന് പി രാജീവ്, ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷം

കോടതിവിധി അനുസരിക്കാത്തവർ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതിൽ കാര്യമില്ലെന്ന് അഹമ്മദ് ദേവര്‍ കോവില്‍
Updated on
1 min read

വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ പരമാവധി ക്ഷമിച്ചെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ല. ആവശ്യങ്ങളില്‍ അഞ്ചെണ്ണവും അംഗീകരിച്ചു. പോലീസിന് നേരെ കയ്യേറ്റം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. മത സൗഹാർദം തകർക്കാനുള്ള നീക്കങ്ങള്‍ പോലും നടക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. പദ്ധതി നിർത്തിവെയ്ക്കാനാകില്ല. ലത്തീന്‍ രൂപതയ്ക്ക് ജുഡീഷറിയിൽ വിശ്വാസമുണ്ടായിരുന്നെങ്കിൽ കോടതി വിധി അംഗീകരിക്കുമായിരുന്നു. കോടതിവിധി അനുസരിക്കാത്തവർ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതിൽ കാര്യമില്ലെന്നും മന്ത്രി ലത്തീന്‍ അതിരൂപതയ്ക്ക് മറുപടി നല്‍കി.

തുറമുഖ നിര്‍മാണം നിർത്തിവെയ്ക്കണം എന്നതൊഴിച്ച് സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതാണെന്ന് വ്യവസായമന്ത്രി പി രാജീവ്

തുറമുഖ നിര്‍മാണം നിർത്തിവെയ്ക്കണം എന്നതൊഴിച്ച് സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിക്ക് വേണ്ടി ആരെയും കുടിയൊഴിപ്പിച്ചിട്ടില്ല. എല്ലാ പ്രശ്നത്തിലും സർക്കാരിന്റേത് ശരിയായ സമീപനമാണ്. തുറന്ന മനസോടെയാണ് എല്ലാകാര്യങ്ങളേയും സര്‍ക്കാര്‍ സമീപിച്ചത്. അവസാനഘട്ടത്തിൽ പദ്ധതി നിർത്തിവെയ്ക്കുന്നത് എങ്ങനെയാണെന്നും പി രാജീവ് ചോദിച്ചു.

മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍

വിഴിഞ്ഞത്തുണ്ടായ സംഭവങ്ങളുടെ ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പ്രകോപിപ്പിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. ചര്‍ച്ചയ്ക്ക് പോലീസ് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷത്തില്‍ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. അദാനിയുടെ അജണ്ടയുമായി മുഖ്യമന്ത്രി മുന്നോട്ട് പോകരുത്. സമരവുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പിനെതിരെയുള്‍പ്പെടെ കേസെടുത്തത് തെറ്റായ നടപടിയാണ്. എന്നാല്‍ തീരജനതയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും പരിസ്ഥിതി പഠനം നടത്തിയുമാകണം മുന്നോട്ടുപോകേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് അദാനി ഗ്രൂപ്പ് നിലപാട് അറിയിച്ചത്. വിഴിഞ്ഞത്ത് നടക്കുന്നത് സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരായ യുദ്ധമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണം തേടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം ആരോപിച്ചത്. വിഴിഞ്ഞത്ത് നടക്കുന്നത് വലിയ ക്രമസമാധാന പ്രശ്നമാണ്. സമരക്കാര്‍ക്ക് സ്വന്തം നിയമമാണ്. പ്രതിഷേധങ്ങളുടെ പേരില്‍ വലിയ നാശനഷ്ടങ്ങളാണ് സമരക്കാര്‍ ഉണ്ടാക്കിയത്. പോലീസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.

logo
The Fourth
www.thefourthnews.in