മദ്യത്തിന് മാത്രമല്ല, ഓണക്കാലത്ത് പാലിനും റെക്കോര്‍ഡ് വില്‍പ്പന
ഈ ഓണക്കാലത്ത് മദ്യത്തിന് മാത്രമല്ല പാലിലും റെക്കോര്‍ഡ് വില്‍പ്പന. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ നാല് ദിവസങ്ങളിലായി 95 ലക്ഷത്തോളം (94,59,576) ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. ഓണക്കാല ത്തെ പാല്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11.12% വര്‍ധനയാണ് ഉണ്ടായത്. ഓണക്കാലത്തെ നാലു ദിവസത്തെ പാല്‍വില്‍പ്പനയില്‍ എക്കാലത്തെയും വലിയ നേട്ടമാണ് മില്‍മ സ്വന്തമാക്കിയത്.
തിരുവോണ ദിവസം മാത്രം 35,11,740 ലിറ്റര്‍ പാല്‍ മില്‍മ വില്‍പ്പന നടത്തി. തൈര് വില്‍പ്പനയിലും നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ 4 മുതല്‍ നാല് ദിവസങ്ങളിലായി 11 ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് മില്‍മ വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാല്‍ ലക്ഷം (3,45,386) കിലോ തൈര് വിറ്റു.
8 ലക്ഷത്തോളം പാലട പായസം മിക്‌സ്, ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വഴി 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 50 മില്ലിലിറ്റര്‍ വീതം നെയ്യ്, കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് വഴി മില്‍മ ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു ലക്ഷം മില്‍മ കിറ്റ് എന്നിവയും വിതരണം ചെയ്തു.
ഉപഭോക്താക്കള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മില്‍മ ഭരണ സമിതി നടത്തിയ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള നേട്ടമെന്നും മന്ത്രി പറഞ്ഞു.
ബെവ്കോയുടെ ചരിത്രത്തില്‍ ഈ ഓണക്കാലത്ത് ഒറ്റ ദിവസത്തെ വില്‍പ്പന 100 കോടി കടന്നിരുന്നു. 117 കോടി രൂപയുടെ മദ്യം ഉത്രാടത്തിനും 104 കോടിയുടെ കച്ചവടം പൂരാടത്തിനും ബെവ്കോ നടത്തി. ഓണക്കാലത്തെ ഒരാഴ്ച്ചയില്‍ 625 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്.