ഇടുക്കി ഡാം
ഇടുക്കി ഡാംഫയല്‍ ചിത്രം

ഇടുക്കി ഡാം നാളെ തുറക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ അളവിലായിരിക്കും വെള്ളം പുറത്തേക്ക് ഒഴുകുക
Updated on
2 min read

ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ പത്തു മണിയോടെ ഡാം തുറന്നേക്കും. ഇടമലയാറില്‍ സംഭരിക്കാന്‍ കഴിയുന്ന അളവില്‍ കുറച്ചു വെള്ളം മാത്രം തുറന്നുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ബാണാസുരസാഗര്‍ ഡാമില്‍ രാത്രി റെഡ് അലര്‍ട് പ്രഖ്യാപിക്കും.

50 ക്യുമെക്സ് (ക്യൂബിക് മീറ്റർ പെർ സെക്കന്‍ഡ്) വെള്ളം ആയിരിക്കും ഇടുക്കി ഡാമില്‍ നിന്ന് തുറന്നു വിടുക. ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലില്‍ എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ 2382.88 അടിയാണ് ഡാമിലെ ജലനിരപ്പ്. നേരത്തെ, വെള്ളം പൂര്‍ണ സംഭരണ ശേഷിയുടെ അടുത്തെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്നതിനാല്‍, അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പെന്നോണമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ അളവിൽ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുകുന്നത്.

ഇടുക്കി ഡാം തുറന്നാലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ അളവിൽ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുകുന്നത്. മാറ്റിപ്പാര്‍പ്പിക്കേണ്ട 79 കുടുംബങ്ങളെ മാറ്റാനുള്ള നടപടി തുടങ്ങിയെന്നും പുഴയോരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടടര്‍ വ്യക്തമാക്കി.

2021ല്‍ 100 ക്യൂമെക്‌സ് ജലമാണ് ഇടുക്കി ഡാമില്‍ നിന്ന് തുറന്നുവിട്ടത്. ലോവര്‍ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്‌സ് ജലം മാത്രമാണ് താഴേക്ക് ഒഴുകിയെത്തിയത്. ഇടമലയാര്‍ ഡാമിനു മുകളിലുള്ള തേനാര്‍ ഡാം പ്രദേശത്തു ശക്തമായ മഴ തുടര്‍ന്ന സാഹചര്യത്തിലാണ് 2021ല്‍ ഇടമലയാര്‍ ഡാമില്‍ നിന്നും 100 ക്യൂമെക്‌സ് ജലം പുറത്തേക്ക് വിട്ടത്. 140 ക്യൂമെക്‌സ് ജലം അന്ന് പെരിയാറില്‍ അധികമായി ഒഴുകിയിട്ടും കാലടി മേഖലയില്‍ അഞ്ചു സെന്റിമീറ്റര്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നത്. മറ്റു പ്രദേശങ്ങളില്‍ കാര്യമായ മാറ്റം ദൃശ്യമായില്ല.

നിലവില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് 2221 ക്യൂസെക്സ് (62.89 ക്യൂമെക്‌സ്) ജലമാണ് തുറന്നുവിടുന്നത്. മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് 2.11 മീറ്ററും കാലടിയില്‍ 3.73 മീറ്ററും മംഗലപ്പുഴ ഭാഗത്ത്് 1.95 മീറ്ററുമാണ്. ഈ സ്ഥലങ്ങളിലെല്ലാം ജലനിരപ്പ് അപകടനിലയ്ക്കു താഴെയുമാണ്.

ഇടുക്കി ഡാമില്‍ നിന്ന് ജലം എത്തുന്ന ഡാമുകളും പെരിയാര്‍ നദിയും ഉദ്യോഗസ്ഥരുടെ പൂര്‍ണ നിരീക്ഷണത്തിലാണ്.

അതേസമയം ഇടുക്കി ഡാം തുറന്നാല്‍ പെരിയാറില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. പെരിയാറിന്റെ തീരത്ത് എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടുക്കി ഡാമില്‍ നിന്ന് ജലം എത്തുന്ന ഡാമുകളും പെരിയാര്‍ നദിയും ഉദ്യോഗസ്ഥരുടെ പൂര്‍ണ നിരീക്ഷണത്തിലാണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും വിവരങ്ങള്‍ വിലയിരുത്തി നിരീക്ഷിക്കുകയാണെന്നും എറണാകുളം കളക്ടര്‍ അറിയിച്ചു.

അതേസമയം, ജലനിരപ്പ് 161.5 മീറ്റര്‍ കടന്നതോടെ ഇടമലയാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉടന്‍ തുറന്നേക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കെഎസ്ഇബി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡാമിന്റെ പരമാവധി നിരപ്പ് 171 മീറ്റര്‍ ആണ്. ജലനിരപ്പ് 163 മീറ്റര്‍ എത്തിയാല്‍ മാത്രമേ തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കുകയുള്ളൂ. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ മാറി നില്‍ക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതിനാല്‍ പരമാവധി നിലയിലേക്ക് ജലനിരപ്പ് ഇപ്പോള്‍ ഉയരാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍.

ഡാം തുറക്കേണ്ടി വന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ടിലേക്കാണ്. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ താഴ്ന്ന നിലയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in