വാളയാര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി; പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്‌സോ കോടതി
വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി. സിബിഐ കുറ്റപത്രം തള്ളിയാണ് കോടതിയുടെ ഉത്തരവ്. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശരിയായ ദിശയില്‍ അന്വേഷണം നടന്നിട്ടില്ല. തെളിവുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പോക്‌സോ കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന്, ഉത്തവ് പുറത്തുവന്നതിനു പിന്നാലെ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. മക്കളുടേത് കൊലപാതകം തന്നെയാണ്. സത്യം തെളിയുമെന്നു തന്നെയാണ് പ്രതീക്ഷ. ഇനി വരുന്ന അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും കേസ് കൃത്യമായി അന്വേഷിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ, അറിയാവുന്ന തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടും അതൊന്നും ഫലം കണ്ടില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഡിസംബറിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. കൊലപാതകമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും സമാന നിഗമനമാണ് മുന്നോട്ടുവെച്ചിരുന്നത്. പോലീസ് കണ്ടെത്തിയവര്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതികളെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ആദ്യ പെണ്‍കുട്ടിയുടെ മരണത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മധു, ഷിബു എന്നിവര്‍ പ്രതികളാണെന്നും, രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ മധുവും, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും പ്രതികളാണെന്നും സിബിഐ കണ്ടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതാണ് പോക്‌സോ കോടതി തള്ളിയത്.