ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവും അമ്മയും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് 
ആരോഗ്യമന്ത്രി വീണാ ജോർജ്

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവും അമ്മയും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്

അമ്മയും നവജാത ശിശുവും മരിച്ചത് ചികിത്സാ പിഴവ് കാരണമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു
Updated on
1 min read

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ചത് ചികിത്സാ പിഴവ് കാരണമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കൈനകരി സ്വദേശി അപർണയും കുഞ്ഞുമാണ് മരിച്ചത്. പ്രസവ സമയത്ത് ലേബര്‍ റൂമില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കി.

ശനിയാഴ്ച രാത്രിയാണ് അപർണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ലേബർ റൂമിലേക്ക് മാറ്റിയെങ്കിലും പ്രവസം വൈകിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്രസവത്തിന് പിന്നാലെ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിക്കുകയും ചെയ്തിരുന്നു. ലേബർ റൂമിലെ ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അമ്മയും മരിച്ചത്. ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് അപര്‍ണയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കാണിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയത്. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് ബന്ധുക്കൾ ആരോപിച്ചു.

logo
The Fourth
www.thefourthnews.in