നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

മലപ്പുറം ജില്ലയില്‍ എം പോക്‌സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താന്‍ ജീനോം സ്വീക്വന്‍സിങ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി
Updated on
1 min read

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇവരടക്കം ആറു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

ഇന്ന് പുതുതായി രണ്ടു പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി നടത്തി വന്ന ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയായി. 7953 വീടുകളിലാണ് ഇതിനകം സര്‍വെ നടത്തിയത്. ആകെ 175 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ എം പോക്‌സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താന്‍ ജീനോം സ്വീക്വന്‍സിങ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ''രോഗിയുടെ നില തൃപ്തികരമാണ്. രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണുള്ളത്. രോഗി സഞ്ചരിച്ച വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയില്‍ ഉള്ളത്. എം പോക്സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. നിപയുടെയും എം പോക്സിന്റെയും കാര്യത്തില്‍ ആശങ്ക വേണ്ട''- മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in