പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

വയലിനിൽ പ്രാവീണ്യമുള്ള കര്‍ണാടക സംഗീതജ്ഞനായിരുന്നു കെ ജി ജയന്‍
Updated on
1 min read

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിലാണ് അന്ത്യം. ഭക്തിഗാനങ്ങളിലും വയലിനിലും പ്രാവീണ്യമുള്ള കര്‍ണാടക സംഗീതജ്ഞനായിരുന്നു. പ്രശസ്ത നടന്‍ മനോജ് കെ ജയന്‍ മകനാണ്.

1934 നവംബര്‍ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്നം കെ ജി ജയനും സഹോദരന്‍ വിജയനും ദക്ഷിണേന്ത്യയില്‍ ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍, സ്റ്റേജ് ഷോകള്‍ എന്നിവയിലൂടെ പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യര്‍, ആലത്തൂര്‍ ബ്രദേഴ്സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കര്‍ണാടകസംഗീതജ്ഞരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.

ജയവിജയന്‍ എന്നറിയപ്പെട്ടിരുന്ന ഇവര്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലുള്ള പരിശീലനകാലത്ത് പാട്ടുകള്‍ ചിട്ടപ്പെടുത്താനും പാടാനും തുടങ്ങിയിരുന്നു. വിജയന്‍ 1986-ല്‍ അന്തരിച്ചു. 'നക്ഷത്രദീപങ്ങള്‍', 'മാണിക്യവീണ', 'ശ്രീകോവില്‍ നടതുറന്നു', 'മാളികപ്പുറത്തമ്മ' തുടങ്ങിയവ അവരുടെ സൃഷ്ടികളിൽ ചിലതാണ്.

1988 ജനുവരി ഒൻപതിനായിരുന്നു കെ ജി വിജയന്റെ മരണം. ജയനൊപ്പം സംഗീതകച്ചേരിക്കു തൃശിനാപ്പള്ളിയിലേക്ക് ട്രെയിനിൽ പോകവേയായിരുന്നു അന്ത്യം. തുടർന്ന്, സംഗീതവഴിയിൽ ജയൻ ഒറ്റയ്ക്ക് യാത്ര തുടർന്നു.

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു
മുരുകേശൻ വയറ്റത്തടിച്ചു; ജയവിജയയുടെ ക്ലാസിക് ഗാനം പിറന്നു

ആയിരത്തിലധികം ഗാനങ്ങള്‍ക്ക് കെജി ജയൻ ഈണം നല്‍കി. കേരള സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (1991) ഹരിവരാസനം അവാര്‍ഡും (2013) ലഭിച്ചിട്ടുണ്ട്. 2019ല്‍ പത്മശ്രീ ലഭിച്ചു. കാരാപ്പുഴ ഗവ.എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് ജയൻ സംഗീതത്തിലേക്ക് പൂർണമായും മനസ് മാറ്റിവെച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടയം നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ ഗോപാലൻ തന്ത്രിയുടെയും പി കെ നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: സരോജിനി. മക്കൾ: ബിജു കെ ജയന്‍, മനോജ് കെ ജയന്‍. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.

സംസ്കാരം നാളെ വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നാളെ രാവിലെ 8.30ന് തൃപ്പൂണിത്തുറയിലെ വീട്ടിൽ കൊണ്ടുവരും. വൈകീട്ട് മൂന്നു മുതൽ അഞ്ച് വരെ ലയം കൂത്തമ്പലത്തിൽ പൊതുദർശനം.

logo
The Fourth
www.thefourthnews.in