കലഞ്ഞൂർ മധു പുറത്ത്; എൻഎസ്എസില്‍ കടുത്ത ഭിന്നത
എൻഎസ്എസിലെ ഭിന്നത രൂക്ഷമാകുന്നു. സുകുമാരൻ നായർക്കെതിരെ നിലപാട് സ്വീകരിച്ച കലഞ്ഞൂർ മധുവടക്കമുള്ള ആറ് പേരെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി. പകരം കെ ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തുകയും ചെയ്തു. 26 വർഷമായി ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു കലഞ്ഞൂർ മധു. മന്ത്രി കെ എൻ ബാലാഗോപാലിന്റെ സഹോദരൻ കൂടിയാണ്.
സുകുമാരൻ നായരുടെ നിലപാടുകൾക്കെതിരെ നേരത്തെ മുതൽ കലഞ്ഞൂർ മധു എൻഎസ്എസിനുള്ളിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അടുത്ത ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പോലും കലഞ്ഞൂർ മധുവിന്റെ പേര് ഉയർന്നുവരുമെന്നുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് നാടകീയമായ പുറത്താക്കൽ. അതുകൊണ്ട് തന്നെ സുകുമാരൻ നായർക്കെതിരെ നിൽക്കുന്നവരെ വെട്ടിനിരത്തിയതാണെന്നും ആക്ഷേപമുണ്ട്.
ഇന്ന് ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഡയറക്ടർ ബോർഡ് യോഗം തുടങ്ങിയപ്പോൾ തന്നെ തർക്കം രൂക്ഷമായി. തൊട്ടുപിന്നാലെ 11 മണിയോടെ കലഞ്ഞൂർ മധുവും ഒപ്പമുള്ള അഞ്ച് പേരും ഇറങ്ങി പോയി. അഴിമതി ആരോപണമടക്കം ഉന്നയിച്ചാണ് ഇവർ ഇറങ്ങി പോയതെന്നാണ് വിവരം. പിന്നാലെ ഇവരെ പുറത്താക്കിയതായി സുകുമാരൻ നായർ തന്നെ അറിയിക്കുകയായിരുന്നു. കലഞ്ഞൂർ മധുവിനെ കൂടാതെ, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹനൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ അനിൽ കുമാർ എന്നിവരാണ് പുറത്തായത്.
മന്നം വിഭാവനം ചെയ്യുന്ന നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചുവെന്നാണ് കലഞ്ഞൂർ മധു പറഞ്ഞത്. സുകുമാരൻ നായർക്കൊപ്പം പ്രവർത്തിക്കുക പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംഘടനയെ തകർക്കാനുള്ള ശ്രമമാണ് കലഞ്ഞൂർ മധു നടത്തുന്നതെന്നാണ് സുകുമാരൻ നായരുടെ പ്രതികരണം. 300 പേരുളള ഡയറക്ടർ ബോർഡിൽ നിന്ന് ആറ് പേർ മാത്രമാണ് കലഞ്ഞൂരിനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
തർക്കം മറനീക്കി പുറത്തുവന്നു
കഴിഞ്ഞ കുറേ നാളുകളായി എൻഎസ്എസിനുള്ളിൽ തർക്കം നിലനിൽക്കുന്നുണ്ട്. അടുത്ത ജനറൽ സെക്രട്ടറി ആര് എന്ന ചോദ്യത്തിൽ ഊന്നിയാണ് ഈ തർക്കം തുടങ്ങിയത്. ഇതേ തുടർന്ന് സുകുമാരൻ നായരുടെ നിലപാടുകളിൽ എതിർപ്പുള്ളവർ കലഞ്ഞൂർ മധുവിന്റെ പിന്നിൽ അണിനിരന്നു. അഴിമതി ആരോപണമടക്കം ഇവർ ഉന്നയിച്ചിരുന്നു എന്നാണ് വിവരം. അതിന്റെ എല്ലാം പരിസമാപ്തിയാണ് കലഞ്ഞൂർ മധുവിന്റെയും കൂട്ടരുടേയും പുറത്താക്കൽ.
സംഘടനയുടെ എല്ലാ മേഖലയിലും ജോലി ചെയ്ത് സെക്രട്ടറിയായ ആളാണ് സുകുമാരൻ നായർ. തുടർച്ചയായി അഞ്ച് തവണ സെക്രട്ടറി സ്ഥാനത്ത് എത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം പേരുടേയും പിന്തുണ സുകുമാരൻ നായർക്കാണ്. ഈ സാഹചര്യത്തിലാണ് സുകുമാരൻ നായർക്കെതിരെ ആരോപണങ്ങൾ എതിർ വിഭാഗം ഉന്നയിച്ചത്.
26 വർഷം ഡയറക്ടർ ബോർഡിൽ ഇരുന്ന കലഞ്ഞൂർ മധുവിനെ സെക്രട്ടറി സ്ഥാനത്തേക്ക് എത്താനുള്ള യോഗ്യതയും ഉണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സുകുമാരൻ നായർ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള സാധ്യത കുറവാണ്. മാറിയാൽ തന്നെ സെക്രട്ടറി സ്ഥാനം മധുവിലേക്ക് എത്തില്ലെന്നാണ് വിവരം. ഇതാണ് ഭിന്നതയ്ക്ക് കാരണം. സംഘടനയ്ക്കുള്ളില്‍ മധുവിന് കാര്യമായ ശക്തിയില്ലെന്ന് സുകുമാരൻ നായർ പറയുമ്പോള്‍ എൻഎസ്എസിനുള്ളിലെ തർക്കം മധുവിലൂടെ പുറത്തുവരുമെന്ന് ഉറപ്പാണ്. നേരത്തെ സുകുമാരൻ നായർക്കെതിരെ നിലപാട് സ്വീകരിച്ച ടി എൻ സുരേഷിനെയും സുകുമാരൻ നായർ പുറത്താക്കിയിരുന്നു. ശശി തരൂർ എത്തിയ വേദിയിൽ അനുമതിയില്ലാതെ കയറി ഇരിക്കുകയും അടുത്ത ജനറൽ സെക്രട്ടറിയാകുമെന്ന രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തെന്ന് പറഞ്ഞാണ് സുരേഷിനെ സുകുമാരൻ നായർ പുറത്താക്കിയത്.
സർക്കാരുമായുള്ള അകലം കൂടുമോ?
മന്ത്രി കെ എൻ ബാലാഗോപാലിന്റെ സഹോദരൻ കൂടിയായ കലഞ്ഞൂർ മധു പുറത്തായതോടെ സർക്കാരുമായുള്ള എൻഎസ്എസ്സിന്റെ അകലം കൂടുകയാണ്. നേരത്തെ നിരവധി വിഷയങ്ങളിൽ സർക്കാരും എൻഎസ്എസ്സും തമ്മിൽ കൊമ്പുകോർത്തിരുന്നു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നതിലേക്ക് വരെയെത്തി ഈ ഭിന്നത. കൂടാതെ മുന്നാക്ക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ സർവ്വേയിലടക്കം വലിയ തർക്കമുണ്ടായിരുന്നു. ഇതിനെല്ലാം ഉപരി സിപിഎം നേതാക്കളുടെ നിലപാടുകളും എൻഎസ്എസ്- സർക്കാർ തർക്കം രൂക്ഷമാകാൻ കാരണമായി. ഇതിനിടെയാണ് കലഞ്ഞൂർ മധുവിന്റെ പുറത്താക്കൽ. ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിലേക്ക് എടുത്തിട്ടുണ്ടെങ്കിലും സർക്കാരുമായി അത്ര അടുപ്പത്തിലല്ലാത്ത ഗണേഷ് ഒരു പാലമായി പ്രവർത്തിക്കുമെന്ന് കരുതാനാകില്ല.