റോഡ് അപകടങ്ങൾ തുടര്‍ക്കഥയാകുന്നു; ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്‌കൂളിന് സമീപമുണ്ടായ അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ എ എ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ദേശീയപാതയിലാണ് അപകടമുണ്ടായത്.
ടാറിങ്ങിന് ശേഷം രൂപംകൊണ്ട ഭീമന്‍ കുഴിയില്‍ വീണാണ് അപകടം ഉണ്ടായത്. അങ്കമാലി ടെല്‍ക്ക് കവലയിലെ 'ബദ് രിയ്യ'ഹോട്ടലിന്റെ ഉടമയാണ് മരിച്ച ഹാഷിം. വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഭീമന്‍കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് ഹാഷിം റോഡില്‍ തെറിച്ചുവീഴുകയും ഈ സമയം പിറകില്‍ വന്ന അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു.
റോഡില്‍ കുത്തനെയുള്ള വളവിലാണ് കുഴി രൂപപ്പെട്ടത്. കനത്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. ദേഹത്ത് കയറിയിറങ്ങിയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ മാസങ്ങള്‍ക്ക് ശേഷമാണ് കുഴിരൂപപ്പെട്ടത്. നിരവധി പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും ദേശീയപാതയിലടക്കം റോഡുകള്‍ മോശം അവസ്ഥയിലാണ്. കനത്ത മഴയും സ്ഥിതി വഷളാക്കുന്നു അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും മരണം വരെ ഉണ്ടാവുകയും ചെയ്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
കരാറുകാർക്കെതിരെ മന്ത്രി
റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കരാറുകാരാണ് അപകടത്തിന് ഉത്തരവാദികള്‍. ശരിയായി പ്രവൃത്തി ചെയ്യാത്ത കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പിഡബ്ല്യുഡി കര്‍ശന നിലപാടെടുക്കുമെന്നും മന്ത്രി പറഞ്ഞു.