റോസ്‌ലി
റോസ്‌ലി

പോകുന്നതിന് മുന്‍പ് സ്വര്‍ണം സുഹൃത്തിനെ ഏല്‍പ്പിച്ചു; റോസ്‌ലിയെ കാണാതായത് മുതല്‍ ദുരൂഹതെന്ന് മകള്‍

കൊല്ലപ്പെട്ടത് റോസ്‌ലിയാണെന്ന് പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കുടുംബം ദ ഫോര്‍ത്തിനോട്
Updated on
1 min read

അമ്മയെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ പോലീസിനെ അറിയിച്ചിരുന്നതായി റോസ്‌ലിയുടെ മകൾ മഞ്ജു. അമ്മ ഉപയോഗിച്ചിരുന്ന സ്വർണം ഒപ്പം താമസിക്കുന്ന സുഹൃത്തിനെ ഏൽപ്പിച്ച് പോയെന്ന് അറിഞ്ഞപ്പോൾ മുതൽ ദുരൂഹത മണത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പോലീസിന് പരാതി നൽകിയിരുന്നതെന്നും മഞ്ജു 'ദ ഫോർത്തി'നോട് പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ടത് റോസ്‌ലിയാണെന്ന് പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് മഞ്ജു പറഞ്ഞു.

''ജൂൺ 6 നാണ് അമ്മ അവസാനമായി വിളിച്ചത്. അന്ന് മറ്റൊരിടത്തേക്കും പോകുന്നതായി പറഞ്ഞിരുന്നില്ല . എന്നാൽ രണ്ട് ദിവസത്തിന് ജൂണ്‍ എട്ടിന് അമ്മയ്ക്കൊപ്പം താമസിക്കുന്ന സജീഷ് വിളിച്ചു. അമ്മ കൂടെയില്ലെന്നാണ് സജീഷ് അന്ന് അറിയിച്ചത്. എവിടെ പോയെന്ന് ചോദിച്ചപ്പോൾ, ആലപ്പുഴയിലുള്ള കുടുംബ വീട്ടിലേക്ക് പോയെന്ന് പറഞ്ഞു''. - മഞ്ജു പറയുന്നു.

കുടുംബവീട്ടില്‍ എത്തിയില്ലെന്ന് മനസിലായതോടെ മറ്റ് ചില അന്വേഷണങ്ങളും നടത്തി. കണ്ടെത്താനാകാതിരുന്നതോടെ ഓഗസ്റ്റ് 17നാണ് മഞ്ജു പോലീസില്‍ പരാതി നല്‍കിയത്.

എറണാകുളത്തുള്ള ആയുർവേദ കടയിൽ നിന്നും മരുന്നെടുത്ത് വീടുകളിൽ കൊണ്ടുപോയി വിറ്റുവരികയായിരുന്നു റോസ്‌ലി. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാൻഡിനടുത്ത് ലോട്ടറി വിൽക്കുന്നതായി വിവരം ലഭിച്ചിരുന്നു. റോസ്‌ലി ഒരു ഏജന്റിന്റെയും കീഴിൽ ജോലി ചെയ്തിരുന്നില്ല. അങ്ങനെയൊരാളെ പറ്റി പറഞ്ഞുകേട്ടിട്ടില്ലെന്നും മകൾ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in