നീറ്റ് വസ്ത്ര പരിശോധന: തെറ്റുപറ്റിയത് ആര്‍ക്ക്?
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച സംഭവം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശങ്ങളിലെ അവ്യക്തത മൂലമെന്ന് ആരോപണം. ഡ്രസ് കോഡിൽ ഇത്തരം പരിശോധന പറയുന്നില്ല. എന്നാല്‍ പരീക്ഷാ ഹാളിൽ ലോഹം അനുവദനീയമല്ല. അടിവസ്ത്രത്തില്‍ ലോഹക്കൊളുത്തുള്ളതിന്‍റെ പേരിലാണ് പരിശോധന. ലഭിച്ച നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഒരു വിഭാഗം എന്‍ടിഎ നിരീക്ഷകർ പറയുന്നു. അതേസമയം, ഒട്ടും വിദ്യാര്‍ത്ഥി സൗഹൃദമല്ലാത്തതും അവ്യക്തവുമാണ് നിര്‍ദേശങ്ങളെന്നും അഭിപ്രായം ഉയരുന്നുണ്ട്.
രാജ്യത്തെ വിവിധ പരീക്ഷകളുടെ നടത്തിപ്പിന് 2017ല്‍ രൂപീകരിച്ച ഏജന്‍സിയാണ് എന്‍ടിഎ. സംസ്ഥാനങ്ങളിലും ജില്ലകളിലും കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചാണ് പരീക്ഷാനടത്തിപ്പ് ഏകോപിപ്പിക്കുന്നത്. സംഭവം ദേശീയശ്രദ്ധ നേടിയതോടെ എന്‍ടിഎ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍, പരീക്ഷാ കേന്ദ്രത്തിലെ സൂപ്രണ്ട്, നിരീക്ഷകന്‍ എന്നിവര്‍ എന്‍ടിഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. 24 സെന്‍ററുകളിലായാണ് കൊല്ലത്ത് പരീക്ഷ നടന്നത്. ഒരിടത്തും നിന്നും പരാതി ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ കോര്‍ഡിനേറ്റര്‍ വിശദീകരണം നല്‍കിയത്. മാത്രമല്ല, തെറ്റായ ഉദ്ദേശത്തോടെയാണ് മാതാപിതാക്കളുടെ പരാതിയെന്നാണ് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.ജെ ബാബുവിന്‍റെ ആരോപണം.
അതത് ജില്ലകളിലെ പരീക്ഷാനടത്തിപ്പിന് ജില്ലാ കോര്‍ഡിനേറ്റര്‍ ഏജന്‍സികളെ ഏല്‍പ്പിക്കുകയാണ് പതിവ്. കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ തിരുവനന്തപുരത്തെ സ്റ്റാര്‍ ലൈന്‍ എന്ന ഏജന്‍സിയെയാണ് ചുമതല ഏല്‍പ്പിച്ചത്. സ്റ്റാര്‍ ലൈന്‍ കരാര്‍ കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യവ്യക്തിക്ക് നല്‍കി. ഇയാളാണ് ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ആളുകളെ നിയോഗിച്ചത്.
പരീക്ഷാ ഹാളിലേയ്ക്ക് കയറുന്നതിന് മുന്‍പുള്ള പരിശോധനയിലാണ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ചത്. ലോഹക്കൊളുത്ത് ഉള്ളതിനാല്‍ അഴിച്ചുമാറ്റണം എന്നായിരുന്നു ആവശ്യപ്പെട്ടത്. വസ്ത്രം മാറാനുള്ള സൗകര്യമില്ലാതെ വിഷമിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിലെ ശുചീകരണ തൊഴിലാളികളാണ് മുറി തുറന്നു കൊടുത്തത്. ദേഹപരിശോധനയ്ക്ക് എത്തിയവര്‍ എല്ലാവരുടെയും അടിവസ്ത്രം അഴിപ്പിച്ച് മുറിയിലുള്ള മേശയില്‍ കൂട്ടിയിട്ടു. തുടര്‍ന്ന് അടിവസ്ത്രമില്ലാതെ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷാഹാളിലേക്ക് കടക്കേണ്ടി വന്നു. എന്‍ടിഎയുടെ നിര്‍ദേശപ്രകാരം ഷാള്‍ ധരിയ്ക്കാന്‍ അനുമതിയില്ലാത്തതിനാല്‍ മുടി മുന്നിലേയ്ക്ക് എടുത്തിട്ടാണ് പരീക്ഷയ്ക്കിരുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ സങ്കടം പങ്കുവെച്ചു.
അതേസമയം, എന്‍ടിഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പെണ്‍കുട്ടികളില്‍ മാനസികപ്രയാസമുണ്ടാക്കുന്നതാണെന്നും ഒരു വിഭാഗം എന്‍ടിഎ നിരീക്ഷകര്‍ വിലയിരുത്തുന്നു. പരീക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്. മാർഗ നിർദേശങ്ങൾ നവീകരിക്കാൻ ജുഡീഷ്യൽ സംവിധാനങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇടപെടണമെന്നാണ് ആവശ്യം.