ടി ജെ ചന്ദ്രചൂഡന്‍
ടി ജെ ചന്ദ്രചൂഡന്‍

ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു
Updated on
1 min read

ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച നടക്കും.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ടി ജെ ചന്ദ്രചൂഡന്റെ രാഷ്ട്രീയ പ്രവേശനം. 1999ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി. 2008ലും 2012ലും ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതു-യുപിഎ കോര്‍ കമ്മിറ്റിയില്‍ അംഗം ആയിരുന്നു ചന്ദ്രചൂഡൻ. വിവാദമായിരുന്ന ഇന്ത്യ അമേരിക്ക ആണവകരാർ വിഷയത്തിൽ ഇടതുപക്ഷം സ്വീകരിച്ച നിലപാടിൻ്റെ ശക്തനായ വക്താവായിരുന്നു ചന്ദ്രചൂഡൻ.

2006ല്‍ ആര്യനാട് നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. നിലവില്‍ ആര്‍എസ്പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാണ് ചന്ദ്രചൂഡന്‍.

ആര്‍എസ്പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ പിഎസ്‌യുവിലൂടെ പൊതുരംഗത്തു വന്ന ടിജെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും പിവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും 1990ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ സംസ്ഥാന സെക്രട്ടറി ആയ അദ്ദേഹം രണ്ട് തവണകൂടി സംസ്ഥാന സെക്രട്ടറിയായി.

2008 മുതൽ 2015 വരെ ദേശീയ ജനറല്‍സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. ബേബി ജോണ്‍ , കെ പങ്കജാക്ഷന്‍ എന്നിവര്‍ക്കു ശേഷം ആര്‍എസ്പി ദേശീയ ജനറല്‍സെക്രട്ടറി പദവിയില്‍ എത്തിയ കേരളീയനാണ് ചന്ദ്രചൂഡന്‍.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിഎയും എംഎയും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം 1960കളില്‍ കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയുടെ സഹപത്രാധിപര്‍ ആയി. 1969 - 87 കാലയളവില്‍ ദേവസ്വം കോളേജില്‍ അധ്യാപകനായിരുന്നു.

മാര്‍ക്‌സിസം വര്‍ത്തമാന പ്രസക്തം , രാഷ്ട്രതന്ത്രം , ഫ്രഞ്ചു വിപ്ലവം , അഭിജാതനായ ടികെ , വിപ്ലവത്തിന്റെ മുള്‍പാതയിലൂടെ നടന്നവര്‍ , കെ ബാലകൃഷ്ണന്‍ മലയാളത്തിന്റെ ജീനിയസ് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in