സതീശൻ പറഞ്ഞതിലെ വാസ്തവമെന്ത്? ഭരണഘടനയെ പറ്റി സജി ചെറിയാന്‍ പ്രസംഗിച്ചതും ഗോള്‍വാള്‍ക്കര്‍ പങ്കുവച്ചതും ഒരേ ചിന്തയോ?
പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ് അയച്ചിരിക്കുന്നു. മുന്‍ മന്ത്രി സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച ഭരണഘടനാവിരുദ്ധ പരാമര്‍ശം, എം എസ് ഗോള്‍വാക്കറുടെ 'ബഞ്ച് ഓഫ് തോട്ട്സ് ' എന്ന പുസ്തകത്തിലെ ചിന്തകള്‍ക്ക് സമാനമാണെന്ന പ്രസ്താവനയക്ക് എതിരെയാണ് നോട്ടീസ്. സജി ചെറിയാന്‍ പ്രസംഗിച്ചത് പോലെ 'ബഞ്ച് ഓഫ് തോട്ട്‌സി'ല്‍ എവിടെയാണ് പറയുന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ കെ ബലറാം അയച്ച നോട്ടീസില്‍ പറയുന്നു.
അതിന് തയ്യാറല്ലെങ്കിൽ പ്രസ്താവന പിന്‍വലിച്ച് തിരുത്തല്‍ അറിയിക്കണം. 24 മണിക്കൂറിനകം ഇതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.
ആര്‍എസ്എസിന്റേത് വിചിത്രമായ നോട്ടീസാണെന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. അര്‍ഹിക്കുന്ന അവജ്ഞയോടെ നോട്ടീസ് തള്ളിക്കളയുന്നു. നിയമ നടപടി നേരിടാന്‍ ഒരുക്കമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
എന്നാൽ ആർഎസ്എസ്സിൻ്റെ രണ്ടാമത്തെ സർസംഘചാലകായിരുന്ന എം എസ് ഗോൾവാൾക്കർ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് എന്താണ് പറഞ്ഞത്. അദ്ദേഹത്തിൻ്റെ ആശയങ്ങൾ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുളളത് 'ബഞ്ച് ഓഫ് തോട്ട്സ്' എന്ന പുസ്തകത്തിലാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ചും ഇന്ത്യൻ ദേശീയതയെക്കുറിച്ചുമുള്ള അദ്ദേഹത്തിൻ്റെ നിലപാടുകൾ ഇപ്പോഴും വിവാദമായി തുടരുന്നു. ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് എന്താണ് ഗോൾവാൾക്കർ യഥാർത്ഥത്തിൽ പറഞ്ഞത് ?
എം എസ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്
'ബഞ്ച് ഓഫ് തോട്ട്‌സി'ലെ 227-ാം പേജില്‍ ദി എറ്റേണല്‍ ബേസിസ് എന്ന അധ്യായത്തിലാണ് ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെക്കുറിച്ച് പറയുന്നത്. പുസ്തകത്തിന്റെ പി മാധവ്ജിയുടെ പരിഭാഷ 'വിചാരധാര'യില്‍ 350-ാമത്തെ പേജില്‍ പറയുന്നത് ഇപ്രകാരം.
''നമ്മുടെ ഭരണഘടന തന്നെയും ഇങ്ങനെ ക്ലിഷ്ടവും ഭിന്നാത്മകവുമായ വിവിധ തുണ്ടുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ്. പാശ്ചാത്യ നാടുകളുടെ ഭരണഘടനകളിലെ വിവിധ വകുപ്പുകള്‍ എടുത്ത് ചേര്‍ത്ത് ഉണ്ടാക്കിയതാണ്. ഇതില്‍ നമ്മുടേത് എന്ന് പറയാവുന്ന യാതൊന്നുമില്ല. നമ്മുടെ ദേശീയ ദൗത്യത്തെക്കുറിച്ചോ നമ്മുടെ ജീവിതത്തിലെ മുഖ്യാദര്‍ശത്തെപ്പറ്റിയോ ഒരു സൂചന പോലും അതിലെ നിര്‍ദ്ദേശക തത്വങ്ങളിലെങ്ങുമില്ല. ഐക്യരാഷ്ട്ര സഭയുടെയും മുമ്പത്തെ സര്‍വ രാഷ്ട്ര സമിതിയുടെയും പ്രമാണങ്ങളിലെ ചില മുടന്തന്‍ തത്വങ്ങളും അമേരിക്കയിലേയും ബ്രിട്ടനിലേയും ഭരണഘടനകളിലെ ചില പ്രത്യേകതകളും കൂട്ടിച്ചേര്‍ത്ത വികൃത സൃഷ്ടിയാണത്. 'സ്വരാജ്, ധര്‍മരാജ്യം' എന്നീ ആശയങ്ങളേയോ ഭരണകൂടത്തിന്റെ ഉദ്ദേശ്യങ്ങളും ജനങ്ങളുടെ ജീവിതലക്ഷ്യങ്ങളും തമ്മില്‍ വേണ്ട ഉദ്ഗ്രഥനത്തേയോ കുറിച്ച് ഇതിന്റെ ആമുഖത്തില്‍ യാതൊരു പരാമര്‍ശവും ഇല്ലെന്നത് വിചിത്രമായിരിക്കുന്നു''
ഈ വാക്കുകളാണ് പ്രതിപക്ഷ നേതാവ് സജി ചെറിയാൻ്റെ വാക്കുകൾക്ക് സമാനമാണെന്ന് പറഞ്ഞത്. ഇന്ത്യൻ ഭരണഘടന മാതൃകയാക്കേണ്ടത് വേദങ്ങളും മനുസ്മൃതിയും പോലുള്ള ഗ്രന്ഥങ്ങളാണെന്ന നിലപാടും തീവ്ര ഹിന്ദു സംഘടനകൾ സ്വീകരിച്ചിരുന്നു