'കയ്യും കാലും കൊത്തി കാളീപൂജ നടത്തും'; ഷംസീറിനും ജയരാജനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്
കണ്ണൂരിൽ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി ആർഎസ് എസ്. സ്പീക്കർ എ എൻ ഷംസീറിനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരെയാണ് ഭീഷണി. ''ഹിന്ദുക്കളുടെ നേരരെ വന്നാല്‍ കയ്യും കൊത്തി, കാലും കൊത്തി കാളീപൂജ നടത്തും ഞങ്ങള്‍,'' എന്നാണ് തലശ്ശേരി പളളൂരിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ പ്രകടനത്തിലെ കൊലവിളി.
എറണാകുളത്തെ ഒരു സ്‌കൂളിൽ ശാസ്ത്രമേളയ്ക്കിടെ, ശാസ്ത്രീയ ചിന്തകള്‍ ഉണ്ടാവേണ്ടതിനെക്കുറിച്ച് ഷംസീര്‍ നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് യുവമോര്‍ച്ച രംഗത്തെത്തിയിയിരുന്നു. ഇതിനുപിന്നാലെയാണ് കണ്ണൂരിൽ വീണ്ടും ആർഎസ്എസ് പരസ്യ കൊലവിളി നടത്തിയിരിക്കുന്നത്.
ഷംസീറിന്റെ പ്രസംഗം ഹിന്ദുത്വ വിരുദ്ധമാണെന്ന വ്യാഖ്യാനിച്ച് തലശേരിയിലെ എംഎൽഎ ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗമാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ ഗണേഷ് നടത്തിയത്. തുടർന്ന്, ഷംസീന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലാണെന്ന് പി ജയരാജൻ തിരിച്ചടിച്ചിരുന്നു. ഇതിനുപിന്നാലെ വിഷയത്തിൽ ശോഭാ സുരേന്ദ്രന്‍ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ജയരാജനെതിരെ പ്രകോപനപരമായ മറുപടിയുമായി രംഗത്തെത്തി.
''വയസ്സു കാലത്ത് വീട്ടിലിരിക്കുന്നതാണ് നല്ലത്, കാലം കുറേ മുന്നോട്ടു പോയി മിസ്റ്റർ ജയരാജൻ,'' എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. തിരുവോണ നാളില്‍ ജയരാജനെതിരെ നടത്തിയ ആക്രമണത്തെ ഓര്‍മിപ്പിച്ച് ഒരിക്കല്‍ കൂടി വരേണ്ടിവരുമെന്നായിരുന്നു സന്ദീപ് വാര്യരുടെ വെല്ലുവിളി.
ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം തലശ്ശേരിയിലെ പളളൂരിൽ ആർഎസ് എസിന്റെ പ്രകടനത്തിൽ ജയരാജനും ഷംസീറിനുമെതിരായ കൊലവിളി. "മോര്‍ച്ചറി ഞങ്ങളൊരുക്കുന്നുണ്ട് നിനക്കുവേണ്ടി ജയരാജാ, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചോ... ഹിന്ദുക്കളുടെ നേരെ വന്നാല്‍ കയ്യും കൊത്തി കാലും കൊത്തി കാളീപൂജ നടത്തും ഞങ്ങള്‍, ഓര്‍ത്ത് കളിച്ചോ ഷംസീറേ... ഓര്‍ത്ത് കളിച്ചോ ജയരാജാ...ഒറ്റക്കയ്യാ ജയരാജാ..."എന്നിങ്ങനെയായിരുന്നു കൊലവിളി.
എന്നാൽ, ഷംസീറിനെയല്ല ആരെയും ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും തന്നെ കാണാന്‍ ആര്‍ക്കും എത്രവട്ടം വേണമെങ്കിലും വരാമെന്നും ജയരാജന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. ഓണത്തിനോ പെരുനാളിനോ ക്രിസ്മസിനോ എപ്പോള്‍ വന്നാലും സന്തോഷമെന്നും അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതമെന്നും പറഞ്ഞവസാനിപ്പിച്ച കുറിപ്പ് യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണെന്നും അദ്ദേഹം കുറിച്ചു.