യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യ: റുവൈസ് അറസ്റ്റില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വിഭാഗം പിജി വിദ്യാര്‍ഥിയായിരുന്ന ഡോ. ഷഹ്‌ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ഡോ. ഇ എ റുവൈസ് അറസ്റ്റിൽ. മെഡിക്കൽ പിജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായ റുവൈസിനെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആത്മഹത്യപ്രേരണാക്കുറ്റവും സ്ത്രീധനനിരോധന നിയമവും ചുമത്തിയാണ് അറസ്‌റ്റെന്ന് എ സി പി ഡികെ പൃഥ്വിരാജ് അറിയിച്ചു. റുവൈസിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ റുവൈസിന്റെ കുടുംബാഗങ്ങളുടെ പങ്കിനെപ്പറ്റിയും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഷഹ്നയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന് ബന്ധുക്കളുടെ പരാതിയില്‍ ഡോ. റുവൈസിനെ പോലീസ് ഇന്നലെയാണ് പ്രതിചേര്‍ത്തത്. ഇതിനുപിന്നാലെ ഇയാളെ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.
ഒളിവിലായിരുന്ന റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അസ്വഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളേജ് ആദ്യം പോലീസ് കേസെടുത്തിരുന്നത്.
ഡോ. ഷഹ്‌നയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത റുവൈസ് ഉയര്‍ന്ന സ്ത്രീധനം ചോദിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് വിവാഹത്തില്‍നിന്ന് ഒഴിഞ്ഞതെന്നും ഇതേതുടര്‍ന്ന് യുവമതി മനോവിഷമത്തിലായിരുന്നെന്നും ഇതാകാം ജീവനൊടുക്കാന്‍ കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്ത ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍, ''എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണമാണ്,'' എന്നാണ് എഴുതിയിരുന്നതെന്ന് മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, റുവൈസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തത്.