ശബരിമല വരുമാനം: എണ്ണിത്തീര്‍ക്കാനുള്ളത് 30 കോടിയോളം മൂല്യം വരുന്ന നാണയങ്ങള്‍; ദേവസ്വം ബോര്‍ഡിന് ഹിമാലയന്‍ ടാസ്‌ക്

ശബരിമല വരുമാനം: എണ്ണിത്തീര്‍ക്കാനുള്ളത് 30 കോടിയോളം മൂല്യം വരുന്ന നാണയങ്ങള്‍; ദേവസ്വം ബോര്‍ഡിന് ഹിമാലയന്‍ ടാസ്‌ക്

ഏകദേശം ഒരു ലക്ഷം പേര്‍ ദിനംപ്രതി ദര്‍ശനം തേടി ശബരിമലയില്‍ എത്തിയതോടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്
Updated on
1 min read

കഴിഞ്ഞ 70 ദിവസമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 790 ജീവനക്കാര്‍ ശബരിമലയിലെ മണ്ഡലകാലത്തെ വരുമാനം എണ്ണിത്തീര്‍ക്കാനുള്ള തിരക്കിലാണ്. 351 കോടിയുടെ റെക്കോര്‍ഡ് വരുമാനം കണക്കാക്കുന്ന ശബരിമലയില്‍ 30 കോടിയോളം മൂല്യം വരുന്ന നാണയങ്ങളാണ് എണ്ണിതീര്‍ക്കാനുളളത് . ഇത്രയും നാണയങ്ങള്‍ എണ്ണിതീര്‍ക്കുകയെന്നത് ദേവസ്വം ബോര്‍ഡിന് ഭാരിച്ച ജോലിയാണ്.

2017-18ല്‍ ദേവസ്വം ബോര്‍ഡ് സമാനമായ വെല്ലുവിളി നേരിട്ടപ്പോള്‍, നാണയങ്ങള്‍ വേര്‍തിരിച്ച് എണ്ണാനുള്ള യന്ത്രങ്ങള്‍ കൊണ്ടുവന്ന് ധനലക്ഷ്മി ബാങ്കാണ് രക്ഷകരായത്. ഇത്തവണ നാണയങ്ങള്‍ വേര്‍തിരിക്കാന്‍ മാത്രമാണ് യന്ത്രം ഉപയോഗിക്കുന്നത്. യന്ത്രം ഉപയോഗിച്ച് നാണയം എണ്ണിത്തിട്ടപ്പെടുത്തണമെങ്കില്‍ ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളം ചെലവ് വരും. ഇത്തരത്തില്‍ വലിയ ചെലവ് നേരിട്ടതോടെ നാണയങ്ങളുടെ മൂല്യം കണക്കാക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന രീതി ദേവസ്വം ബോര്‍ഡ് അവസാനിപ്പിച്ചിരുന്നു.

ജീവനക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിനായി ബുധനാഴ്ച മുതല്‍ നാണയങ്ങള്‍ എണ്ണുന്നത് നിര്‍ത്താന്‍ തീരുമാനിച്ചു. ഫെബ്രുവരി 5ന് വരുമാനം തിട്ടപ്പെടുത്തല്‍ പുനരാരംഭിക്കും. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഇനിയും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017-18 മണ്ഡലകാലത്തെ 270 കോടി രൂപയുടെ വരുമാന റെക്കോര്‍ഡ് മറികടന്ന് ഇത്തവണ 351 കോടിയിലെത്തി.

ഈ വര്‍ഷം അഭൂതപൂര്‍വമായ തിരക്കാണ് ശബരിമലയില്‍ മണ്ഡല തീര്‍ത്ഥാടന കാലത്ത് അനുഭവപ്പെട്ടത്. ഏകദേശം ഒരു ലക്ഷം പേര്‍ ദിനംപ്രതി ദര്‍ശനം തേടി ശബരിമലയില്‍ എത്തിയതോടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായി. പണം ബാങ്കുകളിലേക്ക് മാറ്റുന്നതിന് മുമ്പ് എണ്ണുകയും രേഖപ്പെടുത്തുകയും വേണം. മണ്ഡലകാലം കഴിഞ്ഞ് ജനുവരി 20 മുതല്‍ നട അടച്ചെങ്കിലും വഴിപാടായി ലഭിക്കുന്ന ഓരോ പൈസയും എണ്ണി രേഖപ്പെടുത്താതെ ദേവസ്വം ബോര്‍ഡ് സംഘത്തിന് മടങ്ങനാകില്ല.

വരുമാന വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് കേരള ഹൈക്കോടതി അനുവദിച്ച സമയം ജനുവരി 25നായിരുന്നു. നാണയം എണ്ണിത്തിട്ടപ്പെടുത്തുന്നത് പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി എടുക്കുമെന്നതിനാല്‍ ബുധനാഴ്ചയോടെ അന്തിമ വരുമാന കണക്കുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാകില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. പ്രതിമാസ പൂജകള്‍ക്കായി ക്ഷേത്രം തുറക്കുന്ന ഫെബ്രുവരി 12ന് മുമ്പ് നാണയങ്ങളുടെ എണ്ണല്‍ പൂര്‍ത്തിയാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബോര്‍ഡ്.

logo
The Fourth
www.thefourthnews.in