ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 60 പേര്‍ക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 60 പേർക്ക് പരുക്ക്. ഡ്രൈവറുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബസ് പത്തനംതിട്ട നിലയ്ക്കലിന് സമീപം ഇലവുങ്കല്‍ - എരുമേലി റോഡിൽനിന്നാണ് മറിഞ്ഞത്. ഒൻപത് കുട്ടികള്‍ ഉള്‍പ്പെടെ 64 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.
പരുക്കേറ്റവരില്‍ ചിലരെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റും. ബസിന് പുറകില്‍ വന്ന മറ്റ് വാഹനങ്ങളിലെ തീര്‍ത്ഥാടകരാണ് അപകട വിവരം പോലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്. ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ വാഹനങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ബസിന്റെ ഒരുവശം പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ബസ്സില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തതായി കലക്ടര്‍ അറിയിച്ചു. പത്തനംതിട്ടയിലുണ്ടായ ബസ് അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.