വീണ്ടും സമസ്ത വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍; വാഫി- വഫിയ്യ കോഴ്സുകളിലേക്ക് വിദ്യാര്‍ഥികളെ അയയ്ക്കണമെന്ന് ആഹ്വാനം

വീണ്ടും സമസ്ത വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍; വാഫി- വഫിയ്യ കോഴ്സുകളിലേക്ക് വിദ്യാര്‍ഥികളെ അയയ്ക്കണമെന്ന് ആഹ്വാനം

സിഐസിയെ സഹായിക്കുന്നവര്‍ക്കെതിരെ പ്രാദേശിക തലത്തില്‍ നടപടിയുമായി സമസ്തയുടെ പോഷക സംഘടനകള്‍
Updated on
3 min read

സി ഐ സി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്) - സമസ്ത പോര് രൂക്ഷമാകുന്നതിനിടെ വാഫി കോഴ്സുകള്‍ക്ക് വേണ്ടി അഭ്യര്‍ഥനയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. സി ഐ സിയുമായി സമസ്തയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും സമസ്തയുടെ നേതാക്കള്‍ വാഫി കോഴ്സുകളുടെ പ്രചാരകരാകരുതെന്നുമുള്ള മുശാവറയുടെ വിലക്ക് മറികടന്നാണ് സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്.

വാഫി, വഫിയ്യ കോഴ്സുകളിലേക്ക് വിദ്യാര്‍ഥികളെ അയക്കണമെന്നും മികച്ച പഠനാന്തരീക്ഷമാണ് വാഫി-വഫിയ്യ നല്‍കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രക്ഷിതാക്കളും വിദ്യാര്‍ഥികളും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രചാരണത്തിനായി മുന്നിട്ടിറങ്ങണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതരും നേതാക്കളുമാണ് ഈ കോഴ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് പോസ്റ്റിലെ മറ്റൊരു പരാമര്‍ശം. എന്നാല്‍ സമസ്തയുടെ ആശയാദര്‍ശങ്ങള്‍ സി ഐ സി അംഗീകരിക്കുന്നില്ലെന്നായിരുന്നു സമസ്ത നേതൃത്വത്തിന്‍റെ പ്രധാന വിമര്‍ശനം. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും സി ഐ സിയുടെ സമിതികളില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്തു.

സി ഐ സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കിം ഫൈസി അദൃശേരിയെ മാറ്റിയപ്പോള്‍ ഹബീബുള്ള ഫൈസിയെ പകരം നിയമിച്ചതിലും സമസ്തയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. സി ഐ സി അധ്യക്ഷന്‍ കൂടിയായ സാദിഖലി തങ്ങള്‍ സമസ്ത നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി പലതവണ ഉന്നയിക്കപ്പെട്ടു. ഇത്രയൊക്കെയായിട്ടും സി ഐ സിയെ പിന്തുണക്കുന്ന നിലപാടാണ് സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. ഇത്തവണ വാഫി, വഫിയ്യ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ പ്രഖ്യാപനം നടത്തിയതും സാദിഖലി തങ്ങള്‍ തന്നെയായിരുന്നു.

വാഫി, വാഫിയ്യ കോഴ്സുകളുടെ പ്രചാരണത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് സമസ്തയുടെ യുവജനവിഭാഗമായ എസ് വൈ എസ് പ്രസ്താവന ഇറക്കി. എന്നാല്‍ എസ് വൈ എസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സാദിഖലി തങ്ങള്‍ തന്നെ വാഫി കോഴ്സുകളുടെ പ്രചാരകനായി. എസ് വൈ എസ് അധ്യക്ഷന്‍ സമസ്തയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെതിരെ സംഘടനയ്ക്കകത്തും സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയരുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകളിലും ഈ വിയോജിപ്പുകള്‍ കാണാം.

ഇതാദ്യമായല്ല, സാദിഖലി തങ്ങള്‍ സമസ്തയുടെയും പോഷകസംഘടനകളുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍‌ സ്വീകരിക്കുന്നത്. സി ഐ സിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പലപ്പോഴും സാദിഖലി തങ്ങളുടെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ ഹക്കിം ഫൈസിക്കായിരുന്നു. എന്നാല്‍ മുശാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാരെ തടഞ്ഞുവയ്ക്കുന്നത് വരെ കാര്യങ്ങളെത്തിയിട്ടും സാദിഖലി തങ്ങള്‍ സി ഐ സിക്ക് നല്‍കുന്ന പിന്തുണയില്‍ സമസ്ത നേതൃത്വത്തിന് അമര്‍ഷമുണ്ട്.

ആവര്‍ത്തിച്ചുള്ള അച്ചടക്കലംഘനങ്ങളുണ്ടായിട്ടും നടപടിയിലേക്ക് സമസ്ത നേതൃത്വം കടക്കുന്നില്ല. സാദിഖലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ലെന്ന് സമസ്ത നേതൃത്വം കണക്കുകൂട്ടുന്നു. സമസ്തയുടെ സ്വന്തം വിദ്യാഭ്യാസ പദ്ധതിയായ എസ് എന്‍ ഇ സിയിലേക്ക് സ്ഥാപനങ്ങളെ വിളിച്ചിട്ടും ഭൂരിപക്ഷം കോളജുകളും ഇപ്പോഴും സി ഐ സിക്കൊപ്പമാണ്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ് സി ഐ സിക്കൊപ്പം നില്‍ക്കുന്നവയില്‍ അധികവും.

എന്നാല്‍, സാദിഖലി തങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം പ്രാദേശിക പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നല്‍കാന്‍ സമസ്ത തയ്യാറല്ല. കഴിഞ്ഞ ദിവസം എസ് കെ എസ് എസ് എഫ് തിരൂര്‍ സോണല്‍ കമ്മിറ്റി ഇറക്കിയ സര്‍ക്കുലര്‍ തന്നെ ഉദാഹരണം. സി ഐ സിയെ സഹായിക്കുകയോ പ്രചാരണത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്ന പ്രവര്‍ത്തകരോ ഉസ്താദുമാരോ ഉണ്ടെങ്കില്‍ അംഗത്വം റദ്ദാക്കണമെന്ന് യൂണീറ്റ് കമ്മിറ്റികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. ഇത്തരത്തില്‍ നടപടികളും തുടങ്ങി. എന്നാല്‍, സാദിഖലി തങ്ങള്‍ സി ഐ സി നേതൃത്വത്തില്‍ തുടരുന്നിടത്തോളം വാഫി-വഫിയ്യയ്ക്ക് പിന്തുണ നല്‍കുമെന്ന് നടപടി നേരിട്ട പ്രാദേശിക പ്രവര്‍ത്തകരും യൂണിറ്റുകളും വ്യക്തമാക്കുന്നുണ്ട്. എസ് വൈ എസ് അധ്യക്ഷന്‍ കൂടിയായ സാദിഖലി തങ്ങളുടെ ആഹ്വാനം ഏറ്റെടുത്തതിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നത് എന്ത് യുക്തിയാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം.

logo
The Fourth
www.thefourthnews.in