'മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങി കിടന്നില്ല, രാജിയിലൂടെ ധാര്‍മികത ഉയര്‍ത്തി പിടിച്ചു': സജി ചെറിയാന്‍
ഭരണഘടയെ അവഹേളിച്ചെന്ന ആരോപണത്തെ തുടർന്നുള്ള രാജി ധാർമികത ഉയർത്തിപ്പിടിച്ചായിരുന്നെന്ന് സജി ചെറിയാൻ. മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് യാതൊരു തടസവും നിയമപരമായി നിലനില്‍ക്കുന്നില്ല. പരാതിക്കാരന്‍ ഉന്നയിച്ച പ്രശ്നങ്ങളൊന്നും അടിസ്ഥാനപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. താന്‍ ഭരണഘടനാ വിരുദ്ധനായ ആളല്ലെന്നും സജി ചെറിയാൻ പറഞ്ഞു.
രാജി സമര്‍പ്പിക്കുമ്പോള്‍ തന്നെ രണ്ട് കേസ് കോടതിയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് രാജി വെച്ചത്. അന്തിമ അഭിപ്രായം പറയേണ്ടത് കോടതിയായിരുന്നു. കേസില്‍ പോലീസ് ആറ് മാസം നീണ്ട അന്വേഷണം നടത്തി. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ബോധപൂര്‍വമായി ഭരണഘടനയെ വിമര്‍ശിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരന്‍ ഉന്നയിച്ച പ്രശനങ്ങളൊന്നും അടിസ്ഥാനപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതിയും പറഞ്ഞു. താന്‍ അത് നേരത്തെ വ്യക്തമാക്കിയതാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.
നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങി കിടന്നില്ലെന്നും, പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ദൗത്യം നിര്‍വഹിക്കുകയാണ് ചെയ്തതെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു പരാമര്‍ശം വന്നപ്പോള്‍ കോടതി തീരുമാനിക്കട്ടെയെന്നാണ് പാര്‍ട്ടി എടുത്ത നിലപാട്. പ്രതിപക്ഷത്തിന് ഇനിയും പാരാതികളുണ്ടെങ്കില്‍ കേസിന് പോകാമെന്നും അദ്ദേഹം പറഞ്ഞു.