നിയമ തടസങ്ങള്‍ നീങ്ങി; സജി ചെറിയാന് പുതുവര്‍ഷത്തില്‍ മടങ്ങിവരവ്, സ്ഥിരീകരിച്ച് എം വി ഗോവിന്ദന്‍

നിയമ തടസങ്ങള്‍ നീങ്ങി; സജി ചെറിയാന് പുതുവര്‍ഷത്തില്‍ മടങ്ങിവരവ്, സ്ഥിരീകരിച്ച് എം വി ഗോവിന്ദന്‍

ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താന്‍ തയ്യാറെന്ന് സര്‍ക്കാര്‍. തീരുമാനം ഗവര്‍ണറെ അറിയിക്കും.
Updated on
1 min read

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തതോടെ സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങി വരവിന് വഴി തെളിയുകയാണ്. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താന്‍ തയ്യാറാണെന്നാണ് സര്‍ക്കാര്‍ നിലപാട്. തീരുമാനം ഗവര്‍ണറെ അറിയിക്കും. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം വതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി കഴിഞ്ഞു. മുന്നിലെ നിയമ തടസങ്ങള്‍ നീങ്ങി സജി ചെറിയാന്‍ വീണ്ടും മന്ത്രിയാവുകയാണ്.

സിപിഎമ്മിന്റെ കഴിഞ്ഞ രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളിലും സജി ചെറിയാന്റെ മടങ്ങി വരവ് പ്രധാന ചര്‍ച്ചയായിരുന്നു. ഭരണ ഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് മന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ സജി ചെറിയാനോട് പാര്‍ട്ടി ആവശ്യപ്പെട്ടത്. കോടതിയില്‍ നിന്നും പോലീസില്‍ നിന്നും അനുകൂല തീരുമാനങ്ങള്‍ വന്നതോടെയാണ് സജി ചെറിയാന്റെ മടങ്ങി വരവിന് കളമൊരുങ്ങിയത്.

ഡിസംബര്‍ 9 ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാധ്യമങ്ങളെ കണ്ടസംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അന്നുതന്നെ സൂചനകള്‍ നല്‍കിയിരുന്നു. സജി ചെറിയാനോട് മാറി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് കേസുണ്ടായത് കൊണ്ടല്ലെന്നും ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. പിന്നീട് ചേര്‍ന്ന സംസ്ഥാന കമ്മറ്റിയിലും ഇന്നലെ കഴിഞ്ഞ സെക്രട്ടറിയേറ്റിലും വിഷയം വീണ്ടും ചര്‍ച്ചയ്‌ക്കെടുത്തു. നാലാഴ്ചയിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് പുതുവര്‍ഷം ആദ്യം തന്നെ സജി ചെറിയാന്റെ മടങ്ങി വരവുണ്ടാകുമെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയത്.

ഗവര്‍ണര്‍ തിരുവനന്തപുരത്തെത്തിയ ശേഷമാകും സത്യപ്രതിജ്ഞയുടെ ക്രമീകരണങ്ങളെ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുക. ജനുവരി 23 ന് സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങി വരവ് സാധ്യമാക്കണമെന്നാണ് സിപിഎമ്മിന്റെ തീരുമാനം.

സിപിഎമ്മിന്റെ തീരുമാനത്തില്‍ വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. കോടതിയുടെ അറിയിപ്പ് വരുന്നതിന് മുന്‍പ് സജി ചെറിയാന്റെ കാര്യത്തില്‍ തീരുമാനം എടുത്തത് തെറ്റായെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് ചിന്തയാണെന്നും അതിന് മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മറുപടി.

logo
The Fourth
www.thefourthnews.in