സജി ചെറിയാൻ മന്ത്രിസഭയിലേക്ക്; സിപിഎം സെക്രട്ടേറിയറ്റിന്റെ അനുമതി
ഭരണഘടനാ അവഹേളനത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നു. സജി ചെറിയാന്റെ മടങ്ങി വരവിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കി. പുതുവര്‍ഷത്തില്‍ അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ സമ്മേളനം ചേരുന്നതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞയുണ്ടാകും. ഗവർണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. പഴയ വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് തിരിച്ച് നല്‍കാനാണ് തീരുമാനം.
ജൂലൈ ആറിനാണ് ഭരണഘടനാ അവഹേളനത്തിന്റെ പേരില്‍ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്. പ്രസംഗം വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയായിരുന്നു രാജി പ്രഖ്യാപനം. സിപിഎം നിലപാടിനെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് വിവാദം നീണ്ടതോടെയായിരുന്നു രാജി.
സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താൻ കഴിയാതിരുന്നതോടെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ കേസ് അവസാനിപ്പിച്ചിരുന്നു. തെളിവുശേഖരണം സാധ്യമല്ലെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയല്ലായിരുന്നു പ്രസംഗം എന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ പിന്നാലെയാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത് എന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് പറയുമെങ്കിലും ബ്രിട്ടീഷുകാര്‍ പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്നും പ്രസംഗത്തിലുണ്ടായിരുന്നു.